ഷെയിൻ നിഗം പ്രധാന കഥാപാത്രമായി എത്തുന്ന സ്പോർട്സ് ആക്്ഷൻ ചിത്രം ‘ബൾട്ടി’ ഓണത്തിനു തിയറ്ററുകളിലെത്തുന്നു. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ നിർമിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം.
ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്രഭാവത്തോടെ, ഉദയൻ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയിൽ ഷെയിൻ നിഗം പ്രത്യക്ഷപ്പെട്ടത്. കുത്തുപാട്ടിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ ഗ്ലിംപ്സിന് വലിയ ജനസമ്മതിയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ഓണത്തിനു പുറത്തിറങ്ങുന്ന ഈ ആഘോഷചിത്രം ഷെയിൻ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.
കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. തമിഴും മലയാളവും ഇടകലർന്ന പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയിൽ കബഡിയും സൗഹൃദവും പ്രണയവും സംഘർഷവും പശ്ചാത്തലമായി വരുന്നുണ്ട്. ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിന്റെ വൻവിജയത്തിനു ശേഷം സന്തോഷ് ടി. കുരുവിള നിർമിക്കുന്ന ചിത്രം കൂടിയാണ് ബൾട്ടി.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ‘ബൾട്ടി’യിൽ ഷെയിൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗല്ഭരായ സാങ്കേതിക വിദഗ്ധരും പങ്കുചേരുന്നു. സംഗീതത്തിനും ആക്്ഷനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ഓണത്തിനു തിയേറ്ററുകളിലെത്തും. ചിത്രത്തിലെ സുപ്രധാന താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുന്നതാണ്. കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ. – പിആർഒ: ഹെയിൻസ്.