ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനസ് രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും പ്രതിഷേധങ്ങളിലും തന്റെ പ്രവർത്തനങ്ങൾ തുടരാൻ കഴിയാത്തതിനാൽ രാജിവയ്ക്കുമെന്നു മുഹമ്മദ് യൂനുസ് പറഞ്ഞെന്നാണു റിപ്പോർട്ട്. മറ്റൊരു ഇടക്കാല സർക്കാർ രൂപീകരിക്കാൻ വിദ്യാർഥി നേതാക്കളോട് യൂനസ് ആവശ്യപ്പെട്ടതായി ബംഗ്ലാദേശ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) നേത്വത്തിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണു രാജി പ്രഖ്യാപനം. തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്കെതിരേ പ്രക്ഷോഭം ആരംഭിക്കാനുള്ള ഒരു തന്ത്രമാണ് യൂനസിന്റെ രാജിയെന്നും പറയുന്നുണ്ട്.
ജോലി സംവരണത്തിനെതിരേ വിദ്യാർഥികൾ നയിച്ച പ്രക്ഷോഭത്തെത്തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 2024 ഓഗസ്റ്റിൽ ധാക്കയിൽനിന്ന് പലായനം ചെയ്തതോടെയാണ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവിന്റെ സ്ഥാനം യൂനുസ് ഏറ്റെടുത്തത്.