മാന്നാര്‍: ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തും ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നും പറഞ്ഞ് പലരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി മാന്നാര്‍ പോലീസിന്റെ പിടിയിലായി.ധനലക്ഷ്മി ബാങ്കില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മാന്നാര്‍ സ്വദേശിയില്‍ നിന്ന് ഒന്പതേകാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം ഇടപ്പളളി മാളിയേക്കല്‍ റോഡില്‍ അമൃത ഗൗരി അപ്പാര്‍ട്ടുമെന്റില്‍ കിഷോര്‍ ശങ്കറാ(ശ്രീറാം -40)ണ് അറസ്റ്റിലായത്.
മാന്നാര്‍ സ്വദേശിയായ യുവാവിനെ ഒരു ഹോട്ടലില്‍വച്ച് ഇയാള്‍ പരിചയപ്പെടുകയും താന്‍ ധനലക്ഷ്മി ബാങ്കിന്റെ എന്‍ആര്‍ഐ സെക്ഷന്‍ മാനേജരാണെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും ബാങ്കില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്കിയ ശേഷം കഴിഞ്ഞ മൂന്നുമാസമായി പല തവണകളായി ഒന്പതേകാല് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. ലക്ഷങ്ങള്‍ നല്‍കിയിട്ടും ജോലി ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ആഴ്ചയില്‍ യുവാവ് മാന്നാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് എസ്ഐമാരായ സി.എസ്. അഭിരാം, ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും എഎസ്ഐ റിയാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സാജിദ്, സുധീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘം എറണാകുളം ഭാഗത്ത് മൂന്നു ദിവസം താമസിച്ച് നടത്തിയ തെരച്ചിലിന് ഒടുവില്‍ പള്ളിമുക്ക് ഭാഗത്തുള്ള ഒരു ലോഡ്ജിന്റെ സമീപത്തുനിന്നു പ്രതിയെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ സമാന രീതിയിലും ബാങ്കില്‍നിന്ന് ലോണ്‍ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞും പ്രമുഖരായ ആളുകളെ ഉള്‍പ്പെടെ തട്ടിപ്പിനിരയാക്കിയിട്ടുള്ളതായും 2016ല്‍ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞയാളുമാണ് പ്രതിയെന്നും പോലീസ് പറഞ്ഞു. ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.