മുഹമ്മ: വാഹനങ്ങളിൽനിന്നും തട്ടുകടകളിൽനിന്നും രാത്രിയിൽ ബാറ്ററി മോഷ്ടിച്ച് വിൽപ്പന നടത്തുന്ന യുവാക്കളെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. തുമ്പോളി തെക്കേ പാലയ്ക്കൽ വീട്ടിൽ ബിജു പൗലോസ് (44), മണ്ണഞ്ചേരി വെളിയിൽ വീട്ടിൽ ശ്യാം ലാൽ (48) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 26ന് മുഹമ്മ പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ടിരുന്ന പ്രൈവറ്റ് ബസിലെ ബാറ്ററി മോഷ്ടിച്ചതോടെയാണ് ഇവർ പിടിയിലായത്.500 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. യൂബർ ടാക്സി ഓടിക്കുന്ന ബിജു പൗലോസ് സെക്യൂരിറ്റി ജോലിക്ക് പോകുന്ന ശ്യാം ലാലുമായി രാത്രിയിൽ കാറിൽ സഞ്ചരിച്ചു വലിയ വാഹനങ്ങൾ കണ്ടെത്തിയാണ് ബാറ്ററി മോഷണം നടത്തുന്നത്.
രാത്രിയിൽ വാഹനത്തിന്റെ നമ്പർ മാറ്റി നടത്തുന്ന മോഷണം ആയതിനാൽ പ്രതികളിലേക്ക് എത്തുന്നതിൽ പോലീസിന് പ്രയാസം നേരിട്ടിരുന്നു. രാത്രിയിൽ ഒരു തട്ടുകടയിൽനിന്ന് 20 രൂപയുടെ കുപ്പി വെള്ളം വാങ്ങി ഗൂഗിൾ പേ വഴി പൈസ നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 55 ലേറെ ബാറ്ററി മോഷ്ടിച്ചിട്ടുണ്ട്. ബാറ്ററി വിറ്റ ഇനത്തിൽ 15 ലക്ഷത്തോളം രൂപ ലഭിച്ചു. ജില്ലാ പോലീസ് മേധാവി എംപി മോഹനചന്ദ്രന്റെ നിർദേശാനുസരണം ആലപ്പുഴ പോലീസ് ആണ് അന്വേഷണം നടത്തിയത് മുഹമ്മ എസ്എച്ച്ഒ വിഷ്ണുകുമാർ വി.സി., എസ് ഐ സുനിൽ കുമാർ, സിപി ഒമാരായ അബിൻ, ശ്രീരാജ്, ചേർത്തല ഡിവൈഎസ്പി സ് ക്വാഡ് അംഗങ്ങളായ അരുൺ പ്രവീഷ്, ഗിരീഷ്, അരുൺ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

