വേദപുസ്തകത്തിലെ മുഴുവന്‍ പുസ്തകങ്ങളുടെയും പേരുകള്‍ ആദം തോമസ് നിതിന്‍ എന്ന മൂന്നു വയസുകാരന്റെ അധരത്തില്‍ നിന്നു മുത്തു പോലെ പൊഴിയുമ്പോള്‍ അത്ഭുതത്തോടൊപ്പം ദിവ്യ അനുഭൂതിയാണ് കേള്‍വിക്കാര്‍ അനുഭവിക്കുന്നത്.
കേവലം ഒരു മിനിറ്റ് ഒരു സെക്കന്‍ഡ് കൊണ്ട് ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ത്താതെ ഉച്ചരിച്ചപ്പോള്‍ ആദം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കുകയായിരുന്നു.
കുളനടയില്‍ കൈപ്പുഴ നോര്‍ത്ത് പള്ളിവാതുക്കല്‍ ഹൗസില്‍ നിതിന്‍ പി. തോമസിന്റെയും ജിത്തു തെരേസ ജോര്‍ജിന്റെയും മകനാണ് ആദം. അമ്മ ജിത്തു സ്നേഹത്തോടും ക്ഷമയോടും കൂടി നല്കിയ പരിശീലനമാണ് ഈ കൊച്ചു മിടുക്കനെ ഇന്ത്യ ബുക്ക് റിക്കാര്‍ഡ്സില്‍ എത്തിച്ചത്.
വേദപുസ്തകത്തിലെ സങ്കീര്‍ത്തനങ്ങള്‍ ആദം വ്യക്തതയോടു കൂടി കാണാതെ പറയുമ്പോള്‍ ആരും മിഴിച്ചിരുന്നു പോകും. കുട്ടിക്കാലം മുതലേ എന്ത് കേട്ടാലും ഒറ്റയടിക്ക് ഹൃദിസ്ഥമാക്കുന്ന കുട്ടിയുടെ കഴിവിനെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു.
ആദത്തിന്റെ പിതാവ് നിതിന്‍ തോമസ് നല്കിയ പിന്തുണയാണ് കുട്ടിയെ ഇന്ത്യ ബുക്ക് റെക്കോര്‍ഡ്സിലേക്ക് പങ്കെടുപ്പിക്കാനുള്ള പ്രചോദനം.
ഈ അപൂര്‍വ നേട്ടം കേവലം ഒരു റെക്കോര്‍ഡ് മാത്രമല്ല ഓരോ കുട്ടിയിലും ഉറങ്ങിക്കിടക്കുന്ന കഴിവുകളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണന്ന് അമ്മ ജിത്തു പറയുന്നു.പിതാവ് നിതിന്‍ ഖത്തറില്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ്. അമ്മ ജിത്തു ദുബായില്‍ സോഫ്റ്റ്വെയര് എന്‍ജിനിയറുമാണ്.

