കറിയില് ഉപ്പ് കൂടിയതിനെത്തുടർന്നുണ്ടായ തര്ക്കത്തില് അഞ്ചു മാസം ഗര്ഭിണിയായ യുവതിയെ ഭര്ത്താവ് കൊലപ്പെടുത്തി. ഉത്തര്പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില് താമസിക്കുന്ന ബ്രജ്ബാല(25) ആണ് മരിച്ചത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ രാമുവിനെ പിന്നീട് പോലീസ് പിടികൂടി.
ബുധനാഴ്ച രാവിലെ ഉണ്ടാക്കിയ ഭക്ഷണത്തില് ഉപ്പ് കൂടുതലാണെന്നുപറഞ്ഞ് ബ്രജ്ബാലയെ രാമു അടിച്ചു. അടിയുടെ ആഘാതത്തില് ബ്രജ്ബാല വീടിന്റെ മുകളില്നിന്നു താഴേക്കുവീണു. വീഴ്ചയില് ഗുരുതരമായ പരിക്കേറ്റ ബ്രജ്ബാലയെ ബന്ധുക്കള് ഉടനെ ജില്ലാ ആശുപത്രിയില് എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് അലിഗഡ് മെഡിക്കല് കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ഇന്നലെയാണു യുവതി മരിച്ചത്.
രാമുവിന് അവിഹിതബന്ധമുണ്ട് എന്ന ആരോപണവുമായി ബ്രജ്ബാലയുടെ സഹോദരന് രംഗത്തെത്തി. ഈ ബന്ധം ബ്രജ്ബാലയും രാമുവും തമ്മില് നിരന്തരം കലഹങ്ങള്ക്ക് ഇടയാക്കിയിരുന്നുവെന്നും സഹോദരൻ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.