
കഴിഞ്ഞ ദിവസം പഞ്ചാബിലെ അതിർത്തിഗ്രാമമായ അടാരിയിൽ പഞ്ചാബ് സർക്കാർ ഒരു ത്രിവർണപതാക സ്ഥാപിച്ചിരുന്നു. വെറുമൊരു പതാകയല്ലിത്. പാക്കിസ്ഥാനിലെ ലാഹോറിൽനിന്നു നോക്കിയാൽ പോലും കാണാവുന്നത്ര ഉയരത്തിലാണ് ഈ പതാക പാറിപ്പറക്കുന്നത്. ഇന്ത്യയിൽ സ്ഥാപിച്ചിട്ടുള്ളതിൽ ഏറ്റവും ഉയരം കൂടിയ ഈ പതാകയ്ക്കെതിരേ ആരോപണങ്ങളുമായി ഇപ്പോൾ പാക്കിസ്ഥാൻ രംഗത്തെത്തിയിരിക്കുകയാണ്.
ചാരപ്രവർത്തനങ്ങൾ നടത്താനാണ് അതിർത്തി ഗ്രാമത്തിൽ ഇത്തരമൊരു പതാക സ്ഥാപിച്ചിരിക്കുന്നതെന്നാണ് അവരുടെ ആരോപണം.പതാകയിൽ കാമറ ഉണ്ടത്രേ!!! ഇരു രാജ്യങ്ങളും തമ്മിലുള്ള ഫ്ളാഗ് മീറ്റിൽ പാക്കിസ്ഥാൻ ഇതു സംബന്ധിച്ച സംശയങ്ങൾ ഉന്നയിച്ചതായി ബിഎസ്എഫ് അധികൃതർ വ്യക്തമാക്കി.
എന്നാൽ ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ നേട്ടങ്ങളിൽ അസൂയ മൂത്താണ് പാക്കിസ്ഥാൻ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ബിഎസ്എഫ് അഭിപ്രായപ്പെട്ടു.
360 അടി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന പതാകയ്ക്ക് 120 അടി നീളവും 80 അടി വീതിയുമുണ്ട്. 3.5 കോടി രൂപമുടക്കി പഞ്ചാബ് സർക്കാരാണ് പതാക സ്ഥാപിച്ചിരിക്കുന്നത്.
