ദേശീയ രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍, മമതയും ബിജെപി ക്യാമ്പിലേക്ക്? മോദിയെ പ്രകീര്‍ത്തിച്ച ബംഗാള്‍ മുഖ്യമന്ത്രിയുടെ നീക്കത്തില്‍ ഞെട്ടി കോണ്‍ഗ്രസ്, മന്ത്രിസഭ യോഗത്തിനുശേഷം സഹപ്രവര്‍ത്തകരെ തിരിച്ചുവിളിച്ച് പ്രധാനമന്ത്രി

നിതീഷ് കുമാറിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും എന്‍ഡിഎ സഖ്യത്തിലേക്ക് നീങ്ങുകയാണോ? കോണ്‍ഗ്രസ് നേതാക്കള്‍ക്കു മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കാരും ഇപ്പോള്‍ അത്തരത്തിലൊരു സംശയത്തിലാണ്. ദീദിയുടെ കഴിഞ്ഞദിവസത്തെ പ്രസംഗമാണ് ഏവരെയും ആശയക്കുഴപ്പത്തിലാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുക്തഗണ്ഡം പ്രശംസിച്ചും ബിജെപി അധ്യക്ഷന്‍ അമിത് ഷായെ വിമര്‍ശിച്ചുമാണ് സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ മമതാ ശ്രദ്ധാകേന്ദ്രമായത്. നിതീഷിന് പിന്നാലെ മമതയും ബിജെപിയോട് കൂടുതല്‍ മമത കൂടാനൊരുങ്ങുകയാണെന്നാണ് ബംഗാളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചാനല്‍ പരിപാടിയില്‍ മമത പറഞ്ഞത് ഇങ്ങനെയാണ്- പ്രധാനമന്ത്രിയെ താന്‍ ആക്ഷേപിക്കുന്നില്ല. എന്തിന് അങ്ങനെ ചെയ്യണം. അദ്ദേഹത്തിന്റെ പാര്‍ട്ടിയാണു പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. വാജ്‌പേയി ബി.ജെപി.ക്കാരന്‍ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പക്ഷപാതരഹിതമായിരുന്നു. അതേസമയം, ഇന്നത്തെ അവസ്ഥ അങ്ങനെയാണോ? മോഡിയെ ഇക്കാര്യത്തില്‍ കുറ്റം പറയുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി കുഴപ്പം ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ് മമത ചോദിച്ചു. പുതിയ നീക്കത്തിലൂടെ പ്രതിപക്ഷത്തെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുകയാണ് മമത ചെയ്തതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. സ്വതവേ ദുര്‍ബലമായ പ്രതിപക്ഷനിരയുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ഇതു കാരണമായിട്ടുണ്ട്.

അതേസമയം കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ യോഗത്തിനുശേഷം പ്രധാനമന്ത്രി തന്റെ സഹപ്രവര്‍ത്തകരെ തിരികെവിളിച്ചു. മന്ത്രിമാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നു സൗജന്യം കൈപ്പറ്റുന്നതും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കര്‍ശന നിര്‍ദേശം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു പിന്നാലെയാണു മോഡിയുടെ നിര്‍ദേശം. മന്ത്രിമാരുടെ ആഡംബരഭ്രമത്തെക്കുറിച്ച് വിവിധ മേഖലകളില്‍നിന്നു ലഭിച്ച വിവരങ്ങളുടെയും വിമര്‍ശനങ്ങളുടെയും അടിസ്ഥാനത്തിലാണു പ്രധാനമന്ത്രി ഇടപെട്ടത്. മന്ത്രിമാര്‍ മാത്രമല്ല, അവരുടെ ബന്ധുക്കളും അടുപ്പക്കാരും പൊതുമേഖലാ സ്ഥാപനങ്ങളുടെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ഇതു ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നു താക്കീതുമുണ്ട്.

Related posts