യുവാവിനെ ഏത്തമിടീച്ചു, യുവതിയെ മണ്ണില്‍ നിന്ന് സ്വന്തം തുപ്പല്‍ തീറ്റിച്ചു! ഒളിച്ചോടി വിവാഹം ചെയ്തതിന് യുവദമ്പതികള്‍ക്ക് നാട്ടുകാര്‍ ചേര്‍ന്ന് നല്‍കിയത് ക്രൂരശിക്ഷ; വീഡിയോ വൈറല്‍

ലോകം പുരോഗതിയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോഴും അതിപ്രാകൃതമായ ചില ആചാരാനുഷ്ഠാനങ്ങളും നിയമവ്യവസ്ഥകളും ഇന്നും നമ്മുടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അന്യംനിന്ന് പോയിട്ടില്ല എന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിലൊന്നാണ് ഒളിച്ചോടി വിവാഹം ചെയ്തതിന് യുവദമ്പതികള്‍ക്ക് നാട്ടുകാര്‍ ചേര്‍ന്ന് ക്രൂരശിക്ഷ നല്‍കിയെന്ന വാര്‍ത്ത.

യുവാവിനെ ഏത്തമിടീച്ചും യുവതിയെക്കൊണ്ട് മണ്ണില്‍ നിന്ന് സ്വന്തം തുപ്പല്‍ തീറ്റിച്ചുമായിരുന്നു നാട്ടുകൂട്ടത്തിന്റെ ശിക്ഷ. ഈ മാസം ഒന്നാം തിയതി ബീഹാറിലെ സൂപോളില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഫെബ്രുവരിയിലാണ് യുവതിയും യുവാവും ഒളിച്ചോടി വിവാഹം കഴിക്കുന്നത്.

തിരിച്ചു വന്ന ദമ്പതികളെ വീട്ടുകാര്‍ സ്വീകരിച്ചു. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ ഈ ബന്ധം അംഗീകരിച്ചില്ല. പിന്നീട് അവരുടെ നേതൃത്വത്തിലാണ് ദമ്പതികളെ ക്രൂരമായ പീഢനത്തിനിരയാക്കിയത്. സൂപോള്‍ എസ്.പി മൃത്യുഞ്ജയ് കുമാര്‍ ചൗധരി പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. യുവാവിനെക്കൊണ്ട് നാട്ടുകാര്‍ നിര്‍ബന്ധിച്ച് ഏത്തമിടീക്കുന്നതും, യുവതിയെക്കൊണ്ട് നിലത്ത് നിന്ന് തുപ്പല്‍ തീറ്റിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. കേരളത്തില്‍ ഇക്കഴിഞ്ഞ ദിവസം വിശപ്പുസഹിക്കവയ്യാതെ ഭക്ഷണം മോഷ്ടിച്ച യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നതിന് പിന്നാലെ എത്തിയിരിക്കുന്ന ഈ വാര്‍ത്ത കേരളത്തിലും ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

 

 

Related posts