ഫ്രീക്കന്മാര്‍ സൂക്ഷിക്കുക! സൂപ്പര്‍ ബൈക്കുകള്‍ക്കു കൂച്ചുവിലങ്ങ് വരുന്നു

bikeകാക്കനാട്: യുവാക്കളില്‍ ഹരമായി മാറിയ സൂപ്പര്‍ ബൈക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയുടെ നിര്‍ദേശപ്രകാരം വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.    അശ്രദ്ധമായി ബൈക്ക് ഓടിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പും കൈകോര്‍ക്കുന്നത്.

200 സിസിയില്‍ കൂടുതലുള്ള ഇരു ചക്രവാഹനങ്ങളുടെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവിലെ വില്പന സംബന്ധിച്ച വിവരങ്ങള്‍, വാങ്ങിയവരുടെ പേരും മറ്റു വിവരങ്ങളും വിതരണ ഏജന്‍സികള്‍ ആര്‍ടിഒയ്ക്ക് കൈമാറണം. ഇതിന് ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. 350 സിസിക്കു മുകളിലുള്ള വാഹനങ്ങളുടെ അപകടങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഏജന്‍സികള്‍ നല്‍കണം.

അടുത്ത ഒരു മാസത്തിനകം ഇത്തരം ഇരുചക്രവാഹന ങ്ങള്‍ ഓടിക്കുന്ന 100 പേര്‍ക്ക് ഓരോ വിതരണ ഏജന്‍സിയും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണം. ഇതിനാവശ്യമായ ഫാക്കല്‍റ്റികളെ വാഹനവകുപ്പ് അയയ്ക്കും. ചെലവുകള്‍ ഏജന്‍സികള്‍ വഹിക്കണം.

500 സിസിക്കു മുകളിലുള്ള വാഹനങ്ങള്‍ വില്പന നടത്തുന്നതിനു മുമ്പ് വാങ്ങുന്ന വ്യക്തിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തണം. ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതു കര്‍ശനമായി തടയും.

ലൈസന്‍സില്ലാതെ ഓടിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. സൂപ്പര്‍ ബൈക്കുകള്‍ അപകടകരമായ വിധത്തിലും വഴിയാത്രക്കാരെ ഭയപ്പെടുത്തുന്ന വിധത്തിലും സൈലന്‍സറുകളില്‍ മാറ്റം വരുത്തി വലിയ ശബ്ദത്തോടെ അമിത വേഗതയില്‍ പായുന്നതായി നിരവധി പരാതികള്‍ മോട്ടോര്‍ വാഹന വകുപ്പിനു ലഭിച്ച സാഹചര്യത്തിലാണ് അധികൃതര്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകുന്നത്.

യോഗ തീരുമാനങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കുമെന്നും ആര്‍ടിഒ പി.എച്ച്. സാദിഖ് അലി പറഞ്ഞു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബി. ഷെഫീഖ്, മനോജ്കുമാര്‍, ഇരുചക്രവാഹന ഏജന്‍സി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

Related posts