മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് വഴി കാട്ടിയായി! മോഷ്ടാവ് കവര്‍ന്നത് 13 പവന്‍ സ്വര്‍ണാഭരണം; ബാങ്കുകളുടെ എടിഎം കാര്‍ഡുകളും പാന്‍കാര്‍ഡും എടുത്തില്ല

house_roberyചങ്ങനാശേരി: ഫാത്തിമാപുരത്ത് വീടിന്റെ ജനാല പൊളിച്ച് 13 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വില്ലൂന്നില്‍ ലിജോ ചാക്കോയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ അടുക്കള ഭാഗത്തെ ജനാല കമ്പി പൊളിച്ച് അകത്തുകടന്ന് മോഷ്ടാവ് സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പന്ത്രണ്ട് പവനും ഹാളിലെ ഷോവാളില്‍ വച്ചിരുന്ന ഒരുപവന്റെ വളയുമാണ് മോഷ്ടിച്ചത്. ലിജോയും ഭാര്യ ജോസ്മിയും രണ്ട് മക്കളും ലിജോയുടെ മാതാവ് ത്രേസ്യാമ്മയും വീട്ടിലുറങ്ങികിടന്ന നേരത്താണ് മോഷണം നടന്നത്.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് ഒരാള്‍ മൊബൈല്‍ ഫോണിലെ ലൈറ്റ് തെളിച്ച് വീട്ടിനകത്തുകൂടി നടക്കുന്നത് ത്രേസ്യാമ്മ കണ്ടിരുന്നു. എന്നാല്‍ ലിജോ വെള്ളം കുടിക്കാനോ മറ്റോ പോകുകയാണെന്നാണ് ത്രേസ്യാമ്മ കരുതിയത്. പുലര്‍ച്ചെയാണ് മോഷണ വിവരം വീട്ടുകാര്‍ക്ക് മനസിലായത്.

വീട്ടുകാര്‍ ചങ്ങനാശേരി പോലീസില്‍ അറിയിച്ചതിനെതുടര്‍ന്ന് ഡിവൈഎസ്പി വി.അജിത്, ചങ്ങനാശേരി സിഐയുടെ ചുമതലയുള്ള വാകത്താനം സിഐ ഷാജിമോന്‍ ജോസഫ്, ചങ്ങനാശേരി എസ്‌ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി അന്വേഷണം ആരംഭിച്ചു. കോട്ടയത്തുനിന്നും വിരലടയാള വിദഗ്ധരും ഡോഗ്‌സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പോലീസ് നായ മോഷണം നടന്ന വീട്ടില്‍ മണം പിടിച്ചശേഷം വീടിന്റെ തെക്കുഭാഗത്തുള്ള തേക്കുംതോട്ടത്തിലൂടെ രമ്യാ ഗ്യാസ് ഗോഡൗണ്‍ റോഡിലെത്തി പാറേല്‍ കോളനി, അംബികാക്ഷേത്രം ഭാഗംവഴി തോടിനു സമീപം ആള്‍ത്താമസമില്ലാത്ത വീടിനടുത്തെത്തിയാണ് നിന്നത്.

നായ ഓടിയ സ്ഥലങ്ങളുമായും വിവിധ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. മോഷണം നടന്ന വീടിനു സമീപത്തെ വീടുകളിലേയും ഫാത്തിമാപുരത്തുള്ള കടകളിലേയും ചെവ്വാഴ്ച രാത്രിയിലെ സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധനക്ക് വ ിധേയമാക്കിയിട്ടുണ്ട്. വട്ടിലെ അലമാരയില്‍ വിവിധ ഡബ്ബാകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണവും ബാഗില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പും എടുത്ത മോഷ്ടാവ് ഇവ വീടിന്റെ പിന്നിലുള്ള വാതിലിലൂടെ പുറത്തുകൊണ്ടുവന്നു. വീടിനു മുമ്പിലുള്ള തേവലക്കര പുരയിടത്തിലെ കാപ്പിച്ചെടിയുടെ ചുവട്ടിലെത്തിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തശേഷം ഡെബ്ബാകളും ലാപ്‌ടോപ്പും അവിടെ ഉപേക്ഷിച്ചശേഷമാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.

വീടിനകത്തുനിന്നും എടുത്ത ലിജോയുടെ ജീന്‍സും ഷര്‍ട്ടും ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ലാപ് ടോപ്പിന്റെ ബാഗിലുണ്ടായിരുന്ന വിവിധ ബാങ്കുകളുടെ എടിഎം കാര്‍ഡുകള്‍, പാന്‍കാര്‍ഡ് എന്നിവയും എന്നിവയും മോഷ്ടാവ് എടുത്തില്ല. മോഷ്ടാവ് പൊളിച്ച ജനാല കമ്പികളും സമീപത്തെ തേക്കിന്‍ തോട്ടത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. വീടും പരിസരവും നേരത്തെ പരിചയമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നും മോഷണത്തില്‍ ഒന്നിലേറെപേര്‍ ഉണ്ടാകാനിടയുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.

Related posts