കോഴിക്കോട്: ലോഡ്ജില് നടന്ന കൊലപാതകം നേരിട്ട് അറിയിച്ചിട്ടും സംഭവവസ്ഥലത്ത് എത്താതിരുന്ന പോലീസുകാര്ക്കെതിരേ നടപടി. കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജിൽ മല്സ്യ തൊഴിലാളിയെ കഴുത്തറുത്തുകൊന്ന കേസിലാണ് ബേപ്പൂര് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവരെ സസ്പെന്ഡ് ചെയതത്.
മേയ് 24 നായിരുന്നു ബേപ്പൂര് ത്രീസ്റ്റാര് ലോഡ്ജില് വച്ച് മല്സ്യത്തൊഴിലാളി കൊല്ലപ്പെട്ടത്. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. അന്നേദിവസം രാത്രി പെട്രോളിംഗിന് ഉണ്ടായിരുന്ന പോലീസുകാരോട് ഈ വിവരം ഒരു ഇതര സംസ്ഥാനത്തൊഴിലാളി അറിയിച്ചിരുന്നു.
എന്നാല് സംഭവസ്ഥലത്തിന് മീറ്ററുകള് മാത്രം അപ്പുറം ഉള്ള പോലീസ് കൊലപാതകം നടന്നയിടത്ത് എത്തിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഗ്രേഡ് എഎസ്ഐ ആനന്ദന്, സിപിഒ ജിതിന് ലാല് എന്നിവര്ക്കെതിരെയാണ് നടപടി. ബേപ്പൂരിലെ ത്രീ സ്റ്റാര് ലോഡ്ജിൽ കഴുത്തറുത്ത രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മറ്റൊരു ലോഡ്ജില് താമസിക്കുന്ന സോളമന് തലേ ദിവസം രാത്രിയാണ് ത്രീ സ്റ്റാര് ലോഡ്ജിലെത്തിയത്. ഒരുമിച്ച് ജോലി ചെയ്യുന്ന അനീഷ് എന്ന കൊല്ലം സ്വദേശിയുടെ മുറിയില് നിന്നുമാണ് സോളമനെ മരിച്ച നിലയില് കണ്ടെത്തിയത്. പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് ഉടമ മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതിയായ കൊല്ലം വാടിക്കല് മുദാക്കര ജോസി(35)നെ ദിവസങ്ങള്ക്കകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ആലപ്പുഴയിലെ പുന്നപ്രയില്നിന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് പോകുന്നതിനിടെയാണ് വലയിലായത്.
- സ്വന്തം ലേഖകന്