ന്യൂജെനറേഷന്‍ മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്! കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കേണ്ട പ്രായമിതാണ്; ടെക്‌നോളജിയുടെ പിതാവെന്ന് വിശേഷിപ്പിക്കാവുന്ന ബില്‍ ഗേറ്റ്‌സ് മക്കളെ വളര്‍ത്തുന്നതിങ്ങനെ

mgkmggഇപ്പോഴത്തെ കുട്ടികള്‍ ജനിച്ചുവീഴുന്നതേ സ്മാര്‍ട്ട് ടെക്‌നോളജിയുടെ പുറത്തേയ്ക്കാണ്. അമ്മേ എന്ന് വിളിക്കാന്‍ പഠിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കാനും പഠിച്ചുകഴിഞ്ഞിരിക്കും. ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, കളിക്കാന്‍ മൊബൈലോ ടാബോ കിട്ടിയാല്‍ മതി. ഇല്ലെങ്കില്‍ കരച്ചിലും വാശിപിടിക്കലും. മാതാപിതാക്കള്‍ക്ക് സ്വസ്ഥത കൊടുക്കില്ല. കുട്ടികള്‍ കരയാതിരിക്കാനുള്ള എളുപ്പവഴിയായി മാതാപിതാക്കളും ഇതിനെ കാണുന്നു. ലോകത്തെമ്പാടും, മലയാളികളില്‍ പ്രത്യേകിച്ചും കൂടുതലാണ് ഈ സൂത്രപ്പണി. ടെക്കികളാണ് മാതാപിതാക്കളെങ്കില്‍ പറയുകയും വേണ്ട. അതിലൊന്നും ഇപ്പോള്‍ പുതുമയുമില്ല. എന്നാല്‍ ഈ ടെക്‌നോളജികളെല്ലാം നമ്മുടെ കൈപ്പിടിയിലെത്താന്‍ സഹായിച്ച മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ അനുഭവം പക്ഷേ നേരെ തിരിച്ചാണ്.

മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനുമായ ബില്‍ ഗേറ്റ്‌സിന്റെയും പത്‌നി മെലിന്‍ഡയുടെയും മക്കള്‍ ടെക്‌നോളജിയില്‍ മുങ്ങിക്കുളിച്ചാവും വളര്‍ന്നിട്ടുണ്ടാകുക എന്നാണ് സാധാരണക്കാര്‍ ചിന്തിക്കുക. പക്ഷെ മക്കളെ 14 വയസുവരെ ടെക്‌നോളജിയുടെ സ്വാധീനവലയത്തില്‍ പെടാതെ നോക്കുകയാണ് ഇവര്‍ ചെയ്തത്. ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇവരുടെ വെളിപ്പെടുത്തല്‍. കുട്ടികള്‍ക്ക് സമയം കൃത്യമായി വിഭജിച്ചു നല്‍കിയിരുന്നു. അതില്‍ ടിവി കാണാനോ മൊബൈല്‍ നോക്കാനോ തീരെ സമയമുണ്ടായിരുന്നില്ല. എന്നാലവര്‍ക്ക് കൂട്ടുകാരുമായി കളിക്കാനും ഹോംവര്‍ക് ചെയ്യാനും ഇഷ്ടം പോലെ ഉറങ്ങാനും നേരമുണ്ടായിരുന്നു. ഭക്ഷണസമയത്ത് ഞങ്ങള്‍, മാതാപിതാക്കളും മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതേയില്ല. 14 വയസു വരെ കുട്ടികള്‍ക്കും മൊബൈല്‍ നല്‍കിയില്ല.

കൂട്ടുകാര്‍ക്കൊക്കെ അവരുടെ വീട്ടുകാര്‍ മൊബൈല്‍ കൊടുക്കാറുണ്ടെന്ന് മക്കള്‍ പരാതി പറയുന്നതു പതിവായിരുന്നു മെലിന്‍ഡ വിശദീകരിച്ചു. എന്നാല്‍ ഞങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കി കൊടുത്തിരുന്നു. മൂന്നു മക്കളാണ് ഈ കോടീശ്വര ദമ്പതികള്‍ക്കുള്ളത്. ജെന്നിഫര്‍ (20), റോറി (17), ഫ്യോബി (14) എന്നിവര്‍. നിയന്ത്രണത്തിനു ശേഷം ഏതു ബ്രാന്‍ഡാണ് മക്കള്‍ക്ക് കൊടുത്തതെന്ന് ബില്‍ വ്യക്തമാക്കിയില്ല. പക്ഷെ ആപ്പിളിന്റെ ഒരു മോഡലും ഉപയോഗിക്കാന്‍ മക്കളെ സമ്മതിച്ചിട്ടില്ലെന്ന് നേരത്തെ മെലിന്‍ഡ പറഞ്ഞിരുന്നു. വിന്‍ഡോസ് ടെക്‌നോളജിയില്‍ നിന്നാണ് ഇത്രയും സമ്പത്തുണ്ടായത്. പിന്നെന്തിനാണ് മറ്റൊരു കമ്പനിയില്‍ നിക്ഷേപിക്കുന്നത് എന്നായിരുന്നു മെലിന്‍ഡയുടെ വിശദീകരണം. ഗേറ്റ്‌സ് കുടുംബം മാത്രമല്ല, കുട്ടികളെ ടെക് ലോകത്തു നിന്ന് അകറ്റി നിറുത്തിയിരുന്നത്. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ഒരിക്കല്‍ പറഞ്ഞത് തന്റെ കുട്ടികള്‍ ഐപാഡ് ഉപയോഗിച്ചിട്ടില്ല എന്നാണ്. ന്യൂജനറേഷന്‍ മാതാപിതാക്കളും കുട്ടികളും മാതൃകയാക്കണം ഇവരെയൊക്കെ.

Related posts