കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ഡി. ബിന്ദുവിന്റെ കുടുംബത്തെ സർക്കാർ ചേർത്തുനിർത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ.തലയോലപ്പറമ്പിലെ വീട്ടിലെത്തി മന്ത്രി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയെയും മക്കളെയും ആശ്വസിപ്പിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ നവമിയുടെ തുടർ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്തു നടത്തും. അടുത്ത ദിവസം തന്നെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബിന്ദുവിന്റെ മകൻ നവനീതിന് മെഡിക്കൽ കോളജിൽതന്നെ താത്കാലികമായി ജോലി നൽകുന്ന കാര്യം ആശുപത്രി വികസന സമിതി ചേർന്ന് തീരുമാനിക്കും. സ്ഥിരമായി ജോലി നൽകുന്ന കാര്യം മന്ത്രിസഭ പരിഗണിക്കും. സംസ്കാരച്ചടങ്ങുകൾക്കുള്ള ചെലവെന്ന നിലയിൽ ആദ്യ സഹായമായി 50,000 രൂപയുടെ ചെക്ക് മന്ത്രി ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിക്ക് കൈമാറി.
ആശുപത്രി വികസന സമിതിയിൽനിന്നുള്ള സഹായമാണ് നൽകിയത്. കൂടുതൽ സഹായധനം നൽകുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ചതന്നെ ഇതു സംബന്ധിച്ച നിർദേശം നൽകിയിരുന്നു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.