നടൻ ബിനീഷ് ബാസ്റ്റൻ വിവാഹിതനാകുന്നു എന്ന വിവരം കഴിഞ്ഞ ദിവസം താരം തന്നെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയതമയെക്കുറിച്ച് ബിനീഷ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
സോഷ്യൽമീഡിയ വഴിയാണ് എന്നെ താര ആദ്യമായി കാണുന്നത്. അത് ഒരു അഞ്ച് വർഷം മുമ്പാണ്. ഫാൻ ഗേളായിട്ടാണ് ആദ്യം മെസേജ് എനിക്ക് അയച്ചത്. ആലുവയിൽ താര അന്ന് ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഒരു ദിവസം ആലുവയിൽ ഒരു ഉദ്ഘാടനത്തിന് പോയപ്പോഴാണ് നേരിട്ട് കണ്ടത്.
മൂന്ന് വർഷത്തോളം നല്ല സുഹൃത്തുക്കളായിരുന്നു. ഞാൻ ഒരു സാധാരണക്കാരനാണ്. അതുകൊണ്ടുതന്നെ എന്നെക്കാൾ സാധാരണക്കാരിയായിരിക്കണം എന്റെ പങ്കാളിയെന്ന് എനിക്കുണ്ടായിരുന്നു. താരയ്ക്ക് എന്റെ കാര്യങ്ങൾ എല്ലാം അറിയാം.
നമ്മളെ മനസിലാക്കി ഒരാൾ ജീവിതത്തിലേക്ക് വരുമ്പോഴാണല്ലോ നമുക്ക് ഒരു സന്തോഷം. അഞ്ച് വർഷക്കാലത്തെ റിലേഷൻഷിപ്പായതുകൊണ്ടുതന്നെ എനിക്ക് താരയെ അറിയാനും താരയ്ക്ക് എന്നെ അറിയാനും സമയം ലഭിച്ചു.
എന്റെ വിവാഹം അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അമ്മച്ചിയുടെ മാത്രമല്ല. എന്റെ യുട്യൂബ് ചാനൽ കാണുന്ന എല്ലാവരുടേയും ആഗ്രഹമാണ്. ഒരു വ്ലോഗ് ഇട്ട് കഴിഞ്ഞാൽ നൂറിൽ എൺപത് ശതമാനം ആളുകളും പത്ത് വർഷമായി ചോദിക്കുന്നത് ഞാൻ എന്താ കല്യാണം കഴിക്കാത്തത് എന്നാണ്.
അമ്മച്ചി പള്ളിയിൽ പോകുന്നത് തന്നെ എന്റെ കല്യാണം നടന്ന് കാണാനുള്ള ആഗ്രഹം കൊണ്ടാണ്. കല്യാണത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. ഒത്തിരിപ്പേർ എന്റെ കല്യാണം കാണാൻ ആഗ്രഹിക്കുന്നുണ്ട്. അവരെ അറിയിക്കാൻ വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് എന്ന് ബിനീഷ് ബാസ്റ്റിൻ പറഞ്ഞു.

