ഔദ്യോഗിക വാഹനത്തില്‍ നമ്പര്‍ പ്ലേറ്റിന് മുകളില്‍ ചൗക്കിദാര്‍ എന്ന് എഴുത്ത്! മുഖം നോക്കാതെ നടിപടിയെടുത്ത് പോലീസ്; വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞതുപോലെ എംഎല്‍എ

ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന് മുകളില്‍ ചൗക്കിദാര്‍ എന്നെഴുതിയ ബിജെപി എംഎല്‍എയ്ക്ക് പിഴ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേം ഭി ചൗക്കിദാര്‍ (ഞാനും കാവല്‍ക്കാരനാണ്) എന്ന കാമ്പയിന് പിന്തുണ അറിയിച്ചുകൊണ്ട് ചെയ്ത പ്രവര്‍ത്തിയാണ് എംഎല്‍എ രാം ദംഗോറിന് വിനയായത്.

ഇതേ തുടര്‍ന്നാണ് പോലീസ് പിഴ ചുമത്തിയത്. അതേസമയം ഇതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കൈകളാണെന്നാണ് എം.എല്‍.എയുടെ വാദം. വാഹനത്തിന്റെ മുകളില്‍ ചൗക്കിദാര്‍ എന്നഴുതിയാല്‍ അതെങ്ങനെ നിയമലംഘനമാകുമെന്നും അദ്ദേഹം ചോദിക്കുന്നു.

മധ്യപ്രദേശിലെ ഒരു മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എം.എല്‍.എ നന്ദകുമാര്‍ സിങ് ചൗഹാനെ സന്ദര്‍ശിക്കാനായി വാഹനത്തില്‍ പോകവേയാണ് രാം ദംഗോറിന്റെ വാഹനം പോലീസ് തടഞ്ഞുനിര്‍ത്തിയത്.

രംഗപഞ്ചമി ആഘോഷം നടക്കുന്നതിനാല്‍ മധ്യപ്രദേശിലെ കന്‍ഥവാ റോഡില്‍ നിരവധി പോലീസ് ചെക്ക് പോസ്റ്റുകള്‍ ഉണ്ടായിരുന്നു. ഇവിടെ വെച്ചാണ് എം.എല്‍.എയുടെ വാഹനത്തെ തടഞ്ഞുനിര്‍ത്തി പോലീസ് പിഴ ചുമത്തിയത്. എം.എല്‍.എയുടെ നടപടി നമ്പര്‍ പ്ലേറ്റ് ആക്ടിന് എതിരാണെന്നും ചെലാന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു.

റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ചിരുന്ന പരാമര്‍ശമായിരുന്നു ചൗക്കിദാര്‍ ചോര്‍ ഹെ എന്നത്. പ്രതിപക്ഷത്തിന്റെ ഈ ആരോപണം മറികടക്കാനാണ് മോദി ചൗക്കിദാര്‍ കാമ്പയിന് തുടക്കമിട്ടത്. ട്വിറ്ററിലും മോദി ഉള്‍പ്പെടെ ധാരാളം ബിജെപി നേതാക്കള്‍ പേര് മാറ്റിയിരുന്നു.

Related posts