ആലപ്പുഴ: അച്ഛൻ പ്ലസ് ടൂ തുല്യതാ പരീക്ഷ എഴുതുന്ന അതേ സ്കൂളിൽ മകൾ പത്താം ക്ലാസ് തുല്യതാ പരീക്ഷ പരിശീലന ക്ലാസിൽ. പുറക്കാട് പഞ്ചായത്ത് 11ആം വാർഡിൽ മല്ലേപ്പള്ളി എം.കെ രമണനാ(72) ണ് അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള ഹയർ സെക്കൻഡറി സ്കൂളിൽ ഞായറാഴ്ച പ്ലസ് ടു തുല്യത രണ്ടാമത്തെ പരീക്ഷ എഴുതാൻ എത്തിയത്. ഇതേ സ്കൂളിലെ മറ്റൊരു കെട്ടിടത്തിലാണ് മകൾ സുമോൾ(44) പത്താം ക്ലാസ് തുല്യതാ പരീക്ഷ പരിശീലന ക്ലാസിനെത്തിയത്.
പത്താം ക്ലാസ് ജയിച്ചശേഷം ഡിഗ്രിക്കും തുടര്ന്ന് എൽഎൽബിക്കും പഠിക്കണമെന്നായിരുന്നു രമണന്റെ ആഗ്രഹം. എന്നാൽ വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണം പഠനം മതിയാക്കേണ്ടി വന്നു.തന്റെ ആഗ്രഹം ഇനിയെങ്കിലും പൂർത്തിയാക്കണമെന്ന ദൃഡനിശ്ചയത്തോടെയാണ് പ്ലസ് ടു തുല്യതാ പരീക്ഷ എഴുതുന്നത്.
ശേഷം ഡിഗ്രിയും എല്എല്ബിയും എടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് രമണന്. ഭാര്യ രത്നമ്മയുടെയും മക്കളുടെയും പിന്തുണ കൂടിയായപ്പോൾ തുടർപഠനത്തിനൊരു ആവേശവുമായി.പല്ലന എംകെകെഎംഎച്ച്എസിൽനിന്ന് ഒമ്പതാം ക്ലാസ് വിജയിച്ചെങ്കിലും അമ്മ രത്നമ്മയുടെ ആരോഗ്യപ്രശ്നങ്ങളാൽ സുമോളിന്റെ തുടർപഠനം പ്രതിസന്ധിയിലായി.
കിടപ്പിലായ അമ്മയുടെ പരിചരണത്തിനായാണ് തുടർ പഠനം മതിയാക്കേണ്ടിവന്നത്. കൂട്ടുകാരികൾ സ്കൂളിൽ പോകുമ്പോൾ തന്റെ വിധിയെ പഴിക്കാനേ സുമോൾക്കായുള്ളു.
വിവാഹശേഷവും തന്റെ ആഗ്രഹം ഭർത്താവ് അനുജയുമായി പങ്കിടുമായിരുന്നു. ഭർത്താവിന്റെ നിർബന്ധത്തിലാണ് പത്താം ക്ലാസ് എഴുതിയെടുക്കണമെന്ന ആഗ്രഹം നാമ്പിട്ടത്. ഇതിനുശേഷം പ്ലസ് ടു തുല്യതയും പഠിക്കും. സുമോളിന്റെ മകള് ആര്യ ബംഗളരൂരില് നഴ്സിംഗ് പഠിക്കുകയാണ്. അമ്മയുടെ ആഗ്രഹത്തിന് പ്രേരണയായി മകളുമുണ്ട്.