49 വർഷത്തിനിടെ 110 ലിറ്റർ രക്തം ദാനം ചെയ്തതിന്റെ ചാരിതാർഥ്യത്തിലാണ് അറുപത്തെട്ടുകാരനായ അമേരിക്കക്കാരൻ ഹെന്റി ബിക്കോഫ്, പ്രായമായെങ്കിലും ഈ പുണ്യപ്രവൃത്തി ഉടനെങ്ങും നിർത്തില്ലെന്ന് അദ്ദേഹം പറയുന്നു.
ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് സ്വദേശിയായ ഹെൻറി 1975ൽ കോളജിൽ പഠിക്കുന്പോഴാണ് ആദ്യമായി രക്തം നല്കുന്നത്. തുടർന്നങ്ങോട്ട് എല്ലാ 56 ദിവസം കൂടുന്പോഴും രക്തം ദാനം ചെയ്തു. പ്രായാധിക്യം കാരണം ഇപ്പോൾ ഇടവേളകൾ കുറച്ചു നീളുന്നുണ്ട്.
ഹെൻറിയുടെ രക്തം 693 പേർക്ക് ഉപകാരപ്പെട്ടിട്ടുണ്ടെന്നാണു ന്യൂയോർക്ക് ബ്ലഡ് കാൻസർ സെന്റർ പറഞ്ഞത്. ബി നെഗറ്റീവായ അദ്ദേഹത്തിന്റെ രക്തത്തിന് ആവശ്യക്കാർ ഏറെയാണ്.
നേത്രരോഗചികിത്സാ മേഖലയിൽ ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിച്ച ഹെൻറിക്കു വേണമെങ്കിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്തയാളെന്ന ഗിന്നസ് റിക്കാർഡ് സ്വന്തമാക്കാവുന്നതാണെന്നു ചിലർ അഭിപ്രായപ്പെട്ടു.
അതേസമയം, ആദ്യത്തെ രക്തദാനം അത്ര സുഖകരമല്ലായിരുന്നുവെന്ന് ഹെൻറി ഓർക്കുന്നു. രക്തം കൊടുത്തുകഴിഞ്ഞ് ആവശ്യത്തിനു വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ വിശ്രമിക്കുകയോ ചെയ്തില്ല. തലചുറ്റലായിരുന്നു ഫലം. എന്നാൽ, അതിന്റെ പേരിൽ രക്തദാനം നിർത്താൻ ഹെൻറി തയാറായില്ല.
രക്തദാനത്തെ ജീവകാരുണ്യപ്രവർത്തനമായിട്ടാണ് ഹെൻറി കാണുന്നത്. “കുറേനാളായി ഇതു ചെയ്യുന്നു. അതു ചെയ്യാനുള്ള ബാധ്യത എനിക്കുണ്ട്. അതിന്റെ പേരിൽ എന്തെങ്കിലും അംഗീകാരം കിട്ടുന്നതിൽ സന്തോഷമാണുള്ളത്”- അദ്ദേഹം ന്യൂയോർക്ക് പോസ്റ്റ് പത്രത്തോടു പറഞ്ഞു.
ഹെന്റിയുടെ ഭാര്യ കുറച്ചുനാൾ രക്തം ദാനം ചെയ്തിരുന്നു. അപൂർവരോഗമുള്ളതിനാൽ മകൾക്ക് ഇതിനു കഴിയില്ല. മകനു രക്തദാനത്തിൽ താത്പര്യമില്ല.