വയോധികന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ താക്കോൽ ബ്രോങ്കോ സ്കോപ്പി പരിശോധനയിലൂടെ പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ഡോക്ടർമാർ. ഹരിപ്പാട് ലക്ഷ്മി ഭവനത്തിൽ ചെല്ലപ്പൻപിള്ള (77)യുടെ ശ്വാസനാളത്തിൽ കുടുങ്ങിയ താക്കോലാണ് രണ്ടു മണിക്കൂർ നീണ്ട ബ്രോങ്കോ സ്കോപ്പി വഴി പുറത്തെടുത്തത്.
ചൊവ്വാഴ്ച വീട്ടിൽ ബോധമറ്റു വീണ ചെല്ലപ്പൻപിള്ളയെ വീട്ടുകാർ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസതടസവും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടൻ എക്സ്റേ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് താക്കോൽ ശ്വാസനാളത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ മറ്റ് ആരോഗ്യ പരിശോധനകളെല്ലാം പൂർത്തിയാക്കിയ ചെല്ലപ്പൻപിള്ളയെ ബുധനാഴ്ച ബ്രോങ്കോ സ്കോപ്പിക്ക് വിധേയനാക്കുകയായിരുന്നു.എന്നാൽ, താക്കോൽ എങ്ങനെ ഉള്ളിൽ പോയെന്ന് അറിയില്ലെന്ന് ചെല്ലപ്പൻപിള്ള പറഞ്ഞു. പുറത്തെടുത്ത താക്കോൽ അടുത്ത ദിവസങ്ങളിൽ ഉള്ളിൽ പോയതല്ലെന്നും മാസങ്ങളുടെ പഴക്കമുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
കാർഡിയോ വാസ്കുലർ സർജൻ ഡോ. ആനന്ദക്കുട്ടൻ, അനസ്തേഷ്യ വിഭാഗം പ്രഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ. എ. ഹരികുമാർ, അനസ്തേഷ്യ വിഭാഗം പ്രഫസർ ഡോ. വിമൽപ്രദീപ്, ജൂണിയർ റസിഡന്റ് ഡോ. ജോജി ജോർജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് താക്കോൽ പുറത്തെടുത്തത്. ആരോഗ്യ നില തൃപ്തികരമായതിനാൽ ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു.