തൃശൂർ: സ്ത്രീകൾക്കു ടോയ്ലെറ്റ് മുതൽ വ്യവസായ സംരംഭക നഗരം പദ്ധതി വരെ സ്ത്രീ സൗഹാർദ പദ്ധതികളുമായ തൃശൂർ കോർപറേഷന്റെ ബജറ്റ്. മേയറും ഡെപ്യൂട്ടി മേയറും വനിതകളായിരിക്കേ, വനിതകൾക്ക് ഉൗന്നൽ നൽകുന്ന ബജറ്റ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയർ ബീന മുരളി. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു.
സ്ത്രീകൾക്കായി ഷീ ലോഡ്ജുകൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പോലീസുമായി സഹകരിച്ച് വനിതാ ഹെൽപ് ലൈനുകൾ, വനിതകൾക്കു തൊഴിൽ പരിശീലനം, സംരംഭകത്വ പരിശീലനം, ബസ് സ്റ്റാൻഡുകൾ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ തുടങ്ങിയവയാണു പദ്ധതികൾ.
തൃശൂരിനെ സ്ത്രീ സൗഹൃദ വ്യവസായ സംരംഭക നഗരമാക്കുമെന്ന് ബജറ്റിൽ നിർദേശമുണ്ട്. സ്ത്രീകൾ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ലൈസൻസുകളും അനുമതികളും വേഗത്തിലാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തും. ബജറ്റിൽ നിർദേശിച്ചിരിക്കുന്നു.
മേയറുടെ പ്രസംഗം ബജറ്റ് ചോർത്തലെന്നു പ്രതിപക്ഷം
സ്വന്തം ലേഖകൻ
തൃശൂർ: ഡെപ്യൂട്ടി മേയർ തയാറാക്കിയ ബജറ്റ് ചോർത്തി മേയർ ആമുഖ പ്രഭാഷണമാക്കിയെന്ന് ആരോപിച്ച് തൃശൂർ കോർപറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ ബഹളം. താൻ തയാറാക്കിയ ബജറ്റിലെ വിവരങ്ങൾതന്നെയാണ് മേയർ ആമുഖ പ്രസംഗത്തിൽ വച്ചുകാച്ചിയതെന്ന് ഡെപ്യൂട്ടി മേയറും.
ബജറ്റിലെ കാര്യങ്ങളെല്ലാം ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്‍പേ മേയർ അജിത ജയരാജൻ അവതരിപ്പിച്ചതിനാൽ ഇനി ബജറ്റ് അവതരിപ്പിക്കേണ്ടെന്ന് പ്രതിപക്ഷം വാദിച്ചു. ബജറ്റ് അവതരണം അൽപസമയം തടസപ്പെടുകയും ചെയ്തു. ഒടുവിൽ ഡെപ്യൂട്ടി മേയറുടെ അഭ്യർഥന മാനിച്ച് പ്രതിപക്ഷം ബഹളം അവസാനിപ്പിക്കുകയായിരുന്നു.
സിപിഐ അംഗമായ ഡെപ്യൂട്ടി മേയർ ബീന മുരളി അവതരിപ്പിക്കാൻ തയാറാക്കിയ ബജറ്റ് കാണണമെന്ന് നാലു ദിവസം മുന്‍പ് സിപിഎകാരായ മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തിയും മേയർ അജിത ജയരാജനും ആവശ്യപ്പെട്ടിരുന്നു. ബജറ്റ് രേഖ പുറത്തുവിടില്ലെന്ന് ഡെപ്യൂട്ടി മേയർ ബീന മുരളി നിലപാടെടുത്തു. തർക്കം മൂത്തതോടെ മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നു.
ഒടുവിൽ സിപിഐ നേതാക്കൾ ഇടപെട്ട് ബജറ്റ് രേഖ മേയർക്കു കൈമാറി. ഈ രേഖയെ ആധാരമാക്കി തയറാക്കിയ പ്രസംഗമാണ് മേയർ ബജറ്റ് അവതരണത്തിനുമുന്പേ നടത്തിയത്. ബജറ്റ് അവതരണം തുടങ്ങിയപ്പോൾ ബജറ്റ് രേഖ കൈയിൽ കിട്ടിയ കൗണ്‍സിലർമാർ ഇക്കാര്യങ്ങളെല്ലാം മേയർ നേരത്തെ പ്രസംഗിച്ചതാണെന്നും ഇനി ബജറ്റ് അവതരിപ്പിക്കേണ്ടതില്ലെന്നും വാദിച്ച് തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പ്രതിപക്ഷത്തെ മുൻ മേയർ രാജൻ പല്ലൻ, ഫ്രാൻസിസ് ചാലിശേരി, ജോണ്‍ ഡാനിയേൽ, ലാലി ജയിംസ്, ജോർജ് ചാണ്ടി തുടങ്ങിയവരാണ് ബജറ്റ് അവതരിപ്പിക്കേണ്ടെന്നു തടസവാദം ഉന്നയിച്ചത്.
ബജറ്റ് അവതരണത്തിനിടെ ബിജെപിയുടെ പ്രതിഷേധം
തൃശൂർ: കോർപറേഷൻ ബജറ്റ് അവതരണ യോഗത്തിൽ ബിജെപി കൗണ്‍സിലർമാർ വായ് മൂടിക്കെട്ടി കൗണ്‍സിലിന്റെ നടുക്കളത്തിലിറങ്ങിയിരുന്ന് പ്രതിഷേധിച്ചു. കോർപറേഷൻ ജനറൽ ആശുപത്രിയിലെ ആംബുലൻസിൽ രോഗി ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി കൗണ്‍സിലർമാർ പ്രതിഷേധിച്ചത്. കൗണ്‍സിലർ മഹേഷാണ് കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്രതിഷേധിച്ചത്. മറ്റു ബിജെപി അംഗങ്ങളും സഭയുടെ നടുക്കളത്തിൽ ഇറങ്ങിയിരുന്ന് പ്രതിഷേധിച്ചു.