തിരുവനന്തപുരം: ജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ബഫർസോൺ നടപ്പാക്കില്ലെന്ന് മന്ത്രി റോഷി ആഗസ്റ്റിൻ. ഡാമുകൾ ചുറ്റുമുള്ള ബഫർസോൺ ഉത്തരവ് പിൻവലിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. അണക്കെട്ടുകള്‍ക്ക് സമീപം നിര്‍മാണ പ്രവൃത്തികള്‍ക്ക് എന്‍ഒസി വാങ്ങുക എന്നുള്ളത് മുന്‍പ് തന്നെ ഉള്ളതാണെന്നും മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയിൽ പറഞ്ഞു.
ഡാമുകളുടെ അടുത്തുള്ള നിര്‍മാണങ്ങള്‍ ഏത് രീതിയിലുള്ളതാണ് എന്നതില്‍ ഒരു ധാരണ വേണം. പഴശ്ശി ഡാമിന്റെ സമീപത്തുള്ള വീടുകള്‍ക്ക് അനുമതി നല്‍കും. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്. ഉത്തരവില്‍ മാറ്റം വരുത്തി പ്രശ്നപരിഹാരം കാണുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
അണക്കെട്ടുകള്‍ സംരക്ഷിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ആശങ്കയുടെ ആവശ്യമില്ല. ജനങ്ങളുടെ താത്പര്യവും സംരക്ഷിക്കും. ഡിസംബർ 26ന് ഇറക്കിയ ഉത്തരവ് അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു. ജനദ്രോഹപരമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. ജനങ്ങള്‍ക്ക് ദ്രോഹം ഇല്ലാത്തതും ഡാമുകളെ സംരക്ഷിക്കുന്നതും ആയ നടപടി ഉണ്ടാകും.
ഡിസംബറിലെ ഉത്തരവ് ഇനി ഇല്ല. ആ ഉത്തരവ് നിലനില്ക്കുന്നില്ല. പുതുക്കിയ ഉത്തരവ് ഉടന്‍ ഇറക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.ഉത്തരവില്‍ മാറ്റം വരുത്തും എന്നുള്ള മന്ത്രിയുടെ തീരുമാനം നല്ലതാണെന്ന് മോൻസ് ജോസഫ് പറഞ്ഞു. ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇത് വെച്ച് കൊലവിളി ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അനാവശ്യമായി ഓഫീസില്‍ കയറ്റിയിറക്കുന്നു. ഉത്തരവ് മരവിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.