
പൊൻകുന്നം: ഉരുളികുന്നത്ത് വീട്ടമ്മയുടെ മാലപൊട്ടിച്ച് കാറിൽ രക്ഷപ്പെട്ട സംഘത്തിലെ ഒരാൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. പിടിയിലായത് വീട്ടമ്മയുടെ മകളുടെ മകൻ.
പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്പിൽ സച്ചിൻ സാബു (23)വാണ് പോലീസിന്റെ തിരച്ചിലിനിടെ കാറുമായി പിടിയിലായത്. കൂടെയുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 9.30നാണ് കുരുവിക്കൂട് – കുറ്റിപ്പൂവം റോഡിലുള്ള വീട്ടുമുറ്റത്തുനിന്ന് ഈരയിൽ മേരിയുടെ മൂന്നുപവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്തത്.
വീടിനടുത്ത് കാർനിർത്തിയതിനു ശേഷം ഇറങ്ങിവന്ന ഒരാൾ ടിവി നന്നാക്കുന്നതിനെത്തിയതാണെന്ന് പറഞ്ഞ് വീടിനുള്ളിലേക്ക് കയറാൻ ശ്രമിച്ചു.
ഇതിനിടെയാണ് എഴുപതുവയസിലേറെ പ്രായമുള്ള മേരിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുത്ത് കാറിലേക്കോടിക്കയറിയത്. ബഹളം കേട്ടെത്തിയ പ്രദേശവാസികൾ കാർ തടയാൻ ശ്രമിച്ചെങ്കിലും വെട്ടിച്ചുമാറ്റി രക്ഷപ്പെട്ടു. ഉടൻതന്നെ കാറിന്റെ നമ്പർ പോലീസിന് കൈമാറി തെരച്ചിൽ ഊർജിതമാക്കി.
പിന്നീട് കുറവിലങ്ങാട് സ്റ്റേഷന്റെ പരിധിയിൽ വച്ച് കാർ കണ്ടെത്തിയതോടെ പോലീസ് പിന്നാലെ പാഞ്ഞു. കാറിന്റെ നമ്പർ സന്ദേശങ്ങളിൽ കണ്ടതോടെ കാറിന്റെ ഉടമ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
വാടകയ്ക്ക് നൽകിയ കാർ തിരികെ കിട്ടിയില്ലെന്ന് കാട്ടിയാണ് കുര്യനാട് സ്വദേശി പരാതി നൽകിയത്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ പേരിൽ കാർ തട്ടിയെടുത്തതിനാണ് അവിടെ കേസ് രജിസ്റ്റർ ചെയ്തത്. പൊൻകുന്നം എസ്ഐ രാജുവിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി മാലമോഷണക്കേസിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.
കുറവിലങ്ങാട് പോലീസ് എട്ടു കിലോമീറ്ററിലേറെ കാറിനെ പിന്തുടർന്നിരുന്നു. അമിതവേഗത്തിലോടിയ കാർ കുറുപ്പന്തറ റെയിൽവേ ക്രോസിൽ വച്ചു തടഞ്ഞ് സച്ചിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രാമപുരം സ്വദേശി വിഷ്ണു ഓടി രക്ഷപ്പെട്ടു.
മാല കൈക്കലാക്കി മണിക്കൂറുകൾക്കകം ഇവർ കോട്ടയത്ത് ഒരു ജൂവലറിയിൽ വിറ്റതായാണ് സൂചന. ഇതിന് സഹായിച്ച സച്ചിന്റെ ഭാര്യ അഖിലയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.