ന്യൂഡൽഹി: അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന സൈനികതല ചർച്ചകൾ നടന്നു. ചൈനീസ് പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈമാസം 25ന് നടന്ന ചർച്ചകൾ, സൈനിക, നയതന്ത്രമാർഗങ്ങളിലൂടെ പതിവായി ആശയവിനിമയം നിലനിർത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നും ചൈനീസ് പ്രതിരോധമന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ലഡാക്കിലെ നിയന്ത്രണരേഖയിലെ (എൽഎസി) സ്ഥിതിഗതികളെക്കുറിച്ച് ഇരുരാജ്യങ്ങളും വിലയിരുത്തി. ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങൾക്കായുള്ള വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ (ഡബ്ല്യുഎംസിസി) കീഴിലായിരുന്നു യോഗം. ഈ വർഷം അവസാനത്തോടെ അടുത്ത റൗണ്ട് ചർച്ചകൾ നടത്താനും ഇന്ത്യയും ചൈനയും ധാരണയായിട്ടുണ്ട്.
Read MoreCategory: NRI
ട്രംപിന് തിരിച്ചടി: ബ്രസീലിനെതിരേയുള്ള അധിക തീരുവ റദ്ദാക്കി സെനറ്റ്
വാഷിംഗ്ടൺ ഡിസി: ബ്രസീലിനെതിരേ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവ റദ്ദാക്കി യുഎസ് സെനറ്റ്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയിൽ, 48 നെതിരെ 52 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അധിക തീരുവ റദ്ദാക്കാനുള്ള ബിൽ പാസായത്. ഭരണ അട്ടിമറി ശ്രമത്തിന്റെ പേരിൽ ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൾസനാരോയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ബ്രസീൽ സർക്കാരിന്റെ തീരുമാനത്തിൽ കുപിതനായാണ് ട്രംപ്, ബ്രസീലിന് മേൽ അധിക തീരുവ പ്രഖ്യാപിച്ചത്. ചർച്ചയിൽ അഞ്ച് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. കാനഡയ്ക്കെതിരായ ട്രംപിന്റെ താരിഫുകളും മറ്റ് രാജ്യങ്ങൾക്കെതിരായ അദ്ദേഹത്തിന്റെ താരിഫുകളും അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമാണ നടപടികൾ ഈ ആഴ്ച അവസാനം വോട്ടിനിടുമെന്നാണ് പ്രതീക്ഷ. ബ്രസീലിനെതിരായ താരിഫ് നടപടികളുമായി ബന്ധപ്പെട്ട ബില്ല് ഇന്ന് റിപ്പബ്ലിക്കൻ പാർട്ടിക്ക് മേധാവിത്വമുള്ള യുഎസ് പ്രതിനിധി സഭയിലേക്ക് എത്തും. ഇവിടെ ഇത് തള്ളപ്പെടുമെന്നാണ് കരുതുന്നത്.
Read Moreകൈമാറിയ മൃതദേഹഭാഗങ്ങൾ നേരത്തെ കണ്ടെടുത്ത ബന്ദിയുടേത്: നെതന്യാഹു
ടെൽ അവീവ്: ഹമാസ് കൈമാറിയ മൃതദേഹഭാഗങ്ങൾ ഗാസയിൽനിന്നു നേരത്തേ കണ്ടെടുത്ത ബന്ദിയുടേതാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ബന്ദിയാക്കിയിരുന്ന ഒരാളുടെ മൃതദേഹംകൂടി കഴിഞ്ഞ ദിവസം ഇസ്രയേലിനു കൈമാറിയിരുന്നു. റെഡ് ക്രോസ് വഴിയാണ് മൃതദേഹം ഇസ്രയേൽ സൈന്യത്തിനു കൈമാറിയത്. എന്നാൽ, ഇത് മുൻപ് ഇസ്രയേൽ സൈന്യം കണ്ടെടുത്ത ബന്ദികളുടെ മൃതദേഹങ്ങളിലൊന്നിന്റെ ഭാഗമാണെന്നാണു നെതന്യാഹു ആരോപിക്കുന്നത്. ഹമാസിന്റെ നടപടി വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് നെതന്യാഹു പറഞ്ഞു. 13 ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾകൂടി ഗാസയിലുണ്ട്. ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നതിൽ ഹമാസ് വരുത്തുന്ന കാലതാമസം വെടിനിർത്തലിന്റെ അടുത്ത ഘട്ടങ്ങൾ നടപ്പാക്കുന്നതിനു വെല്ലുവിളി ഉയർത്തുന്നുണ്ട്.
Read Moreസുപ്രധാന കരാറുകളിൽ ഒപ്പുവച്ച് യുഎസും ജപ്പാനും
ടോക്കിയോ: പുതുതായി അധികാരമേറ്റ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രി സനായ് തകായ്ചിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. ധാതുക്കളുടെയും അപൂർവ ലോഹങ്ങളുടെയും വിതരണത്തിനുള്ള കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. നിർണായക ധാതുക്കളുടെയും അപൂർവ ഭൗമ ലോഹങ്ങളുടെയും ശേഷി കൈവരിക്കുന്നതിലും വിതരണ ശൃംഖലകൾ സ്ഥാപിക്കുന്നതിലും ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കുക എന്നതാണു കരാറിന്റെ ലക്ഷ്യമെന്നു വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ചയാണു ട്രംപ് ജപ്പാനിലെത്തിയത്. ജപ്പാനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കുള്ള നികുതി 15 ശതമാനമാക്കുന്നതിനും അമേരിക്കയിൽ ജപ്പാൻ 550 ബില്യൺ യുഎസ് ഡോളർ നിക്ഷേപത്തിനും കരാറായി. ടോക്കിയോയ്ക്കടുത്തുള്ള അമേരിക്കൻ നാവികതാവളത്തിൽ നങ്കൂരമിട്ടിരിക്കുന്ന വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോർജ് വാഷിംഗ്ടൺ സന്ദർശനത്തിൽ ട്രംപ് ജപ്പാനീസ് പ്രധാനമന്ത്രിയെ കൂടെക്കൂട്ടി. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ദക്ഷിണകൊറിയയിലേക്ക് ജപ്പാനിൽനിന്ന് ഇന്നു ട്രംപ് പോകും.
Read Moreസുരക്ഷ പോരാ! ലൂവ്റിലെ സുരക്ഷ പോരെന്ന് സെനറ്റർമാരുടെ സംഘം
പാരീസ്: രാജ്യത്തെ ലൂവ്റ് മ്യൂസിയത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ ആധുനിക കാലത്തിന് ചേർന്നവയല്ലെന്ന് സ്ഥലം സന്ദർശിച്ച ഫ്രഞ്ച് സെനറ്റർമാരുടെ സംഘം. 21-ാം നൂറ്റാണ്ടിനു പാകമാകുംവിധം സുരക്ഷാസന്നാഹങ്ങൾ നന്നാകേണ്ടതുണ്ടെന്നും അവർ നിരീക്ഷിച്ചു. ഈ മാസം 19ന് മ്യൂസിയത്തിൽ നടന്ന മോഷണത്തിൽ, 88 മില്യൺ യൂറോ വിലമതിക്കുന്ന രത്നങ്ങൾ കൈക്കലാക്കാൻ മോഷ്ടാക്കൾക്കു വേണ്ടിവന്നത് വെറും എട്ട് മിനിറ്റായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച അറസ്റ്റിലായ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഔട്ട്ഡോർ കാമറകളുടെ കാര്യത്തിൽ പോരായ്മകളുണ്ടായെന്നും രഹസ്യാത്മകത നിലനിർത്തേണ്ടതിനാൽ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും സെനറ്റർ ലോറന്റ് ലഫൊൺ പറഞ്ഞു. മ്യൂസിയം പുതുക്കിപ്പണിയാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. പത്ത് വർഷം നീണ്ടുനിൽക്കുന്ന ‘ലൂവ്റ് ന്യൂ റിനൈസൻസ്’ പദ്ധതി ഈ വർഷത്തിന്റെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. 800 മില്യൺ യൂറോ ചെലവു വരുന്ന നവീകരണ പ്രവൃത്തികളാണ് 2031ഒാടെ പൂർത്തിയാകുന്ന തരത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.
Read Moreട്രംപിന്റെ സമാധാനത്തിന് തകായ്ചിയുടെ കൈത്താങ്ങ്
വാഷിംഗ്ടൺ ഡിസി: ഇത്തവണ കടാക്ഷിച്ചില്ലെങ്കിലും അടുത്ത തവണയെങ്കിലും നൊബേൽ കിട്ടുമെന്ന ട്രംപിന്റെ മോഹത്തിനു ജപ്പാൻ പ്രധാനമന്ത്രിയുടെ കൈത്താങ്ങ്. ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്യാമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സനായ് തകായ്ചി പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇക്കാര്യം ട്രംപിനോട് തകായ്ചി പറഞ്ഞതായാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. തിങ്കളാഴ്ച കംബോഡിയൻ പ്രധാനമന്ത്രി ഹൻ മാനെറ്റും നൊബേലിനു ട്രംപിനെ നാമനിർദേശം ചെയ്തിരുന്നു.
Read More‘അവര്‍ മഹാന്മാര്’: പാക് പ്രധാനമന്ത്രിയെയും സേനാത്തലവനെയും പുകഴ്ത്തി ട്രംപ്
ക്വാലാലംപുര്‍: പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും ‘മഹാന്മാര്’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം യുഎസ് ഉടന്‍ പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞു. തായ്ലന്ഡ്-കംബോഡിയ സമാധാന ഉടമ്പടിയില്‍ മധ്യസ്ഥത വഹിച്ച ശേഷം ക്വാലാലംപുരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ദീര്‍ഘകാലമായി കാത്തിരുന്ന സമാധാന കരാര്‍ ഒപ്പുവച്ചത്. ശാശ്വതസമാധനം പുലരുന്ന കരാറാണിതെന്നും ട്രംപ് പറഞ്ഞു. എട്ടു മാസത്തിനുള്ളില്‍ തന്റെ ഭരണകൂടം അവസാനിപ്പിച്ച എട്ട് യുദ്ധങ്ങളില്‍ ഒന്നാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട അഫ്ഗാന്-പാക് സംഘര്‍ഷങ്ങളിലും യുഎസ് പ്രസിഡന്റ് പ്രതികരിച്ചു: ‘പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വീണ്ടും സംഘര്‍ഷഭരിതമായി. പക്ഷേ, എനിക്കതു വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും. ഇരുരാജ്യങ്ങളെയും എനിക്കറിയാം. പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും ‘മഹാന്മാര്’ ആണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാനത്തിന്റെ പാതിയിലേക്കു…
Read Moreലൂവ്റ് മോഷണം: രണ്ടു പേർ അറസ്റ്റിൽ; ആഭരണങ്ങൾ ബാങ്ക് ഓഫ് ഫ്രാൻസ് സ്ട്രോംഗ് റൂമിൽ
പാരീസ്: ലൂവ്റ് മ്യൂസിയത്തിൽനിന്ന് അമൂല്യ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ രണ്ടു പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഇക്കാര്യം പിന്നീട് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് സ്ഥിരീകരിക്കുകയായിരുന്നു. അറസ്റ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നല്കാൻ പ്രോസിക്യൂട്ടർ തയറായില്ല. ശനിയാഴ്ചയായിരുന്നു അറസ്റ്റെന്ന് ലെ പാരീസിയൻ ദിനപത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. രണ്ടു പേരും മുപ്പതിനു മുകളിൽ പ്രായമുള്ളവരാണ്. ചാൾസ് ഡി ഗോൾ വിമാനത്താവളത്തിലൂടെ അൾജീരിയയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാൾ പിടിയിലായത്. ആഭരണങ്ങൾ വീണ്ടെക്കാൻ കഴിഞ്ഞോ, നാലംഗ മോഷണസംഘത്തിലെ മറ്റുള്ളവരുടെ അറസ്റ്റിലേക്കു നയിക്കാൻ സഹായകരമായ വിവരങ്ങൾ ഇവരിൽനിന്നു ലഭിച്ചോ എന്നുള്ള കാര്യങ്ങൾ വ്യക്തമല്ല. അറസ്റ്റ് വാർത്ത ചോർന്നതാണെന്നും ഇത്തരം കാര്യങ്ങൾ അന്വേഷണത്തെ തടസപ്പെടുത്തുകയേ ഉള്ളൂവെന്നും പാരീസ് പ്രോസിക്യൂട്ടർ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച നാലു മോഷ്ടാക്കൾ ഏതാണ്ട് 896 കോടി രൂപ വില വരുന്ന എട്ട് ആഭരണങ്ങളാണ്…
Read Moreനൃത്തച്ചുവടുകളോടെ ട്രംപ് ഏഷ്യാ പര്യടനം തുടങ്ങി
ക്വാലാലംപുർ: ഏഷ്യാ പര്യടനത്തിനു തുടക്കം കുറിച്ച് മലേഷ്യയിൽ വിമാനമിറങ്ങിയ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി. ക്വാലാലംപുർ വിമാനത്താവളത്തിൽ ട്രംപിനൊരുക്കിയ സ്വീകരണത്തിനിടെയായിരുന്നു സംഭവം. എയർഫോഴ്സ് വൺ വിമാനത്തിൽനിന്നിറങ്ങിയ ട്രംപ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനൊപ്പം മുന്നോട്ടു നീങ്ങവേ, സ്വീകരണപരിപാടിയുടെ ഭാഗമായി പരന്പരാഗത വേഷത്തിൽ നൃത്തം ചെയ്യുന്ന സംഘത്തെ കണ്ട് ചുവടുവയ്ക്കുകയായിരുന്നു. അൻവർ ഇബ്രാഹിമും നൃത്തത്തിൽ പങ്കുചേർന്നു. ട്രംപിന്റെ നൃത്തരീതിയെയും താളബോധത്തെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിനന്ദിച്ചു. 79 വയസുള്ള ട്രംപ് 23 മണിക്കൂർ വിമാനയാത്രയ്ക്കു ശേഷം പ്രകടിപ്പിച്ച ഊർജസ്വലതയും പ്രശംസാർഹമായി. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണു ട്രംപ് മലേഷ്യയിലെത്തിയത്. ഉച്ചകോടിക്കിടെ ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡാ സിൽവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബ്രസീലിന് 50 ശതമാനം ഇറക്കുമതിചുങ്കമാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. ട്രംപ് ഇന്നു മുതലുള്ള മൂന്നു ദിവസം ജപ്പാൻ സന്ദർശിക്കും. വ്യാഴാഴ്ച ദക്ഷിണകൊറിയയിൽ ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ…
Read Moreകൊളംബിയൻ പ്രസിഡന്റിന് ഉപരോധം പ്രഖ്യാപിച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: കൊളംബിയയിലെ ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരേ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചു. മയക്കുമരുന്ന് സംഘങ്ങളെ നിയന്ത്രിക്കാൻ നടപടികളെടുക്കുന്നില്ല എന്നാരോപിച്ചാണിത്. കൊളംബിയയിലെ ആഭ്യന്തര മന്ത്രി അർമാൻഡോ ബെനഡെറ്റി, ഗുസ്താവോ പെട്രോയുടെ പത്നി, മകൻ എന്നിവർക്കെതിരേയും ഉപരോധങ്ങളുണ്ട്. ഒരു കാലത്ത് മയക്കുമരുന്ന് സംഘങ്ങൾക്കെതിരായ അമേരിക്കൻ പോരാട്ടത്തിൽ അമേരിക്കയുടെ സഖ്യകക്ഷിയായിരുന്നു കൊളംബിയ. എന്നാൽ ജനുവരിയിൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം കൊളംബിയയോടുള്ള സമീപനം മാറി. പെട്രോയുടെ ഭരണത്തിൽ കൊളംബിയയിൽ കൊക്കെയ്ൻ മയക്കുമരുന്ന് ഉത്പാദനം ഭീമമായി വർധിച്ചെന്നും ഇത് അമേരിക്കയിലേക്ക് ഒഴുകുകയാണെന്നും ഉപരോധം പ്രഖ്യാപിച്ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ചൂണ്ടിക്കാട്ടി. അടുത്തകാലത്ത് കൊളംബിയയിലെ കൊക്കെയ്ൻ ഉത്പാദനം റിക്കാർഡ് തലത്തിലാണെന്ന് ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കുന്ന ചിലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞമാസം യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ഗുസ്താവോ പെട്രോ, പലസ്തീൻ അനുകൂല റാലിയെ അഭിസംബോധന ചെയ്യുകയും…
Read More