സൂപ്പര്‍മാന്റെ സഹോദരന്‍ റോയല്‍ മറൈന്‍ കമാന്‍ഡോ തലവന്‍; ഈ സൈനീകവിഭാഗം സ്ഥാപിച്ചത് സാക്ഷാല്‍ ഇയാന്‍ ഫ്‌ളെമിംഗ്

cavil-bros650മാന്‍ ഓഫ് സ്റ്റീല്‍ എന്ന സൂപ്പര്‍മാന്‍ സിനിമയിലൂടെ ലോകം കീഴടക്കിയ ബ്രിട്ടീഷ് നടനാണ് ഹെന്റ്‌റി കാവില്‍. എന്നാല്‍ ഹെന്റ്‌റിയുടെ മൂത്ത സഹോദരനായ നിക് കാവിലാണ് ഇപ്പോള്‍ ബ്രിട്ടനിലെ സൂപ്പര്‍താരം. പ്രസിദ്ധമായ റോയല്‍ മറൈന്‍ കമാന്‍ഡോ എലൈറ്റ് യൂണിറ്റിന്റെ പുതിയ തലവനായി നിയമിച്ചതോടെയാണ് നിക്കിന് പ്രശസ്തി കൈവന്നത്. മെംബര്‍ ഓഫ് മോസ്റ്റ് എക്‌സലന്റ് ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ എന്ന ബഹുമതിയും ലെഫ്റ്റനന്റ് കേണലായ നിക്കിന് ലഭിച്ചിട്ടുണ്ട്. നിക്ക് നേതൃത്വം നല്‍കുന്ന കമാന്‍ഡോ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ ഗ്രൂപ്പില്‍ 30 അംഗങ്ങളാണുള്ളത്.

വിഖ്യാത കഥാപാത്രമായ ജയിംസ് ബോണ്ടിന്റെ സ്രഷ്ടാവായ ഇയാന്‍ ഫ്‌ളെമിംഗ് സ്ഥാപിച്ചതാണ് ഈ സേനാവിഭാഗം. രണ്ടാം ലോകയുദ്ധകാലത്താണ് ഫ്‌ളെമിംഗിന്റെ നേതൃത്വത്തില്‍ ഈ സേന രൂപികൃതമായത്. നേവല്‍ ഇന്റലിജന്‍സ് ഓഫീസറായിരുന്ന ഇയാന്‍ ഫ്‌ളെമിംഗ് ഈവിധമുള്ള തന്റെ അനുഭവസമ്പത്തിന്റെ വെളിച്ചത്തിലാണ് എക്കാലത്തെയും വിഖ്യാത ചാരകഥാപാത്രമായ ജയിംസ് ബോണ്ടിനെ സൃഷ്ടിക്കുന്നത്. സൈന്യത്തിന് സഹായകമായ ചാരപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഈ സൈന്യത്തിന്റെ ജോലി. മാത്രമല്ല അത്യാധുനീക ഇലക്ട്രോണിക് ഉപകരണങ്ങളുപയോഗിച്ച് എതിരാളികളെ വഴിതെറ്റിക്കുകയും ചെയ്യുന്നു.

അദ്ഭുത ശക്തികളൊന്നുമില്ലെങ്കിലും കേണല്‍ നിക്കും അദ്ദേഹത്തിന്റെ ട്രൂപ്പും യഥാര്‍ഥ മാന്‍ ഓഫ് സ്റ്റീല്‍ ജീവിതമാണ് നയിക്കുന്നതെന്ന് ഒരു സൈനീക ഉദ്യോഗസ്ഥന്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ സൈനീകസേവനം അനുഷ്ടിച്ചിട്ടുള്ള നിക്ക് തന്റെ നേതൃപാടവം മുമ്പേതന്നെ തെളിയിച്ചിട്ടുണ്ട്. ഈ സേനയുടെ താത്കാലിക യൂണിറ്റിന്റെ ചുമതലും നിക്കിനായിരുന്നു.

ഇളയ സഹോദരനായ ഹെന്റ്‌റി ഇതിനകം രണ്ടു ചിത്രങ്ങളില്‍ സൂപ്പര്‍മാനായി തകര്‍ത്താടി. ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍: ഡോണ്‍ ഓഫ് ജസ്റ്റിസ് എന്ന ചിത്രത്തിലാണ് ഹെന്റ്‌റി അവസാനമായി പ്രത്യക്ഷപ്പെട്ടത്. താന്‍ വിവിധ ബ്രിട്ടീഷ് സൈനീകവിഭാഗങ്ങളുടെ വലിയ ആരാധകനാണെന്ന് ഹെന്റ്‌റി മുമ്പേ തെളിയിച്ചിട്ടുണ്ട്. ദി റോയല്‍ മറൈന്‍സ് ചാരിറ്റിയുടെ അംബാസിഡര്‍ കൂടിയായ ഹെന്റ്‌റി വിവിധ ധനസമാഹരണ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എന്തായാലും കാവില്‍ സഹോരന്മാരെ വാഴ്ത്താനേ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കിപ്പോള്‍ നേരമുള്ളൂ.

Related posts