ന്യൂഡൽഹി: തന്റെ മകൾ അയൽരാജ്യമായ പാക്കിസ്ഥാനിലേക്കു നടത്തിയ യാത്രകളെക്കുറിച്ച് അറിയില്ലെന്ന് പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ അച്ഛൻ ഹരീഷ് മൽഹോത്ര.
മകളുടെ യൂട്യൂബിനെക്കുറിച്ചോ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളെക്കുറിച്ചോ തനിക്ക് അറിയില്ലെന്നും ഹരീഷ് വാർത്താ ഏജൻസിയോടു സംസാരിക്കവേ പറഞ്ഞു. ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചത് വീഡിയോകൾ ചിത്രീകരിക്കാനാണെന്നാണ് ഇയാൾ നേരത്തെ പറഞ്ഞിരുന്നത്. ഇതിൽനിന്നു മലക്കംമറിഞ്ഞാണ് ഹരീഷിന്റെ പുതിയ പ്രസ്താവന.
“ട്രാവൽ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഹരിയാനയിലെ ഹിസാർ സ്വദേശിനിയായ ജ്യോതിയെ കഴിഞ്ഞ ആഴ്ചയാണ് ചാരവൃത്തിക്കേസിൽ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി ഇവർ അടുത്തബന്ധം പുലർത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. രണ്ടു തവണ ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്.
വീഡിയോ ചിത്രീകരണത്തിന്റെ മറവിൽ ജ്യോതി കൊച്ചിയിലുമെത്തിയിരുന്നു. ഷിപ്പ്യാർഡ് ഉൾപ്പെടെയുള്ള കൊച്ചിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ ഇവർ ദൃശ്യങ്ങളാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.