ഇന്ധനവില വര്‍ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തിയത് 11 ലക്ഷം കോടിയുടെ കൊള്ള! ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാരുടെ ജീവിതം മാത്രം; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

ഇന്ധനവില വര്‍ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വന്‍ കൊള്ളയാണെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തുകയും ചെയ്തു.

‘മോദി സര്‍ക്കാര്‍ ഇന്ധന വിലവര്‍ധനയിലൂടെ 11 ലക്ഷം കോടിയുടെ കൊള്ളയാണു നടത്തിയത്. പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര എക്സൈസ് തീരുവയും സംസ്ഥാനങ്ങളിലെ അധികനികുതിയും ഉടന്‍ കുറയ്ക്കണം. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയില്‍ കൊണ്ടുവരുകയും വേണം’. -സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ പൊള്ളത്തരം തുറന്നുകാണിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് ഒരുങ്ങുകയാണെന്നും ഇതിനു മുന്നോടിയായാണ് ഭാരത ബന്ദെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഭാരത് ബന്ദിന് നേരത്തെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെ ഒമ്പതു മണിമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. അവശ്യ സര്‍വീസുകള്‍ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബി.എസ്.പി ഒഴികെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ രാജ്യത്ത് നിന്ന് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ധനത്തിന് തുച്ഛമായ വിലയാണ് ഈടാക്കുന്നതെന്ന വിവരാവകാശരേഖ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു.

പെട്രോളിന് 78 മുതല്‍ 86 രൂപ വരെയും ഡീസലിന് 70 മുതല്‍ 75 രൂപ വരെയുമാണ് ഇന്ത്യയിലെ വില. പക്ഷെ കേന്ദ്രസര്‍ക്കാര്‍ 15 രാജ്യങ്ങള്‍ക്ക് ലിറ്ററിന് 34 രൂപയെന്ന തോതില്‍ പെട്രോളും 29 രാജ്യങ്ങള്‍ക്ക് 37 രൂപയ്ക്ക് ഡീസലും വില്‍ക്കുകയാണെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമായിട്ടുണ്ട്. ഇംഗ്ലണ്ട്, ആസ്‌ട്രേലിയ, അമേരിക്ക, മലേഷ്യ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നുണ്ട്.

Related posts