ഇന്ത്യൻ ഭക്ഷണങ്ങൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. വിദേശികളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത് പോലും നമ്മുടെ ഭക്ഷണവും ഭൂപ്രകൃതിയുമൊക്കെയാണ്. യുകെയിൽ നിന്നുള്ള ഷെഫും കണ്ടന്റ് ക്രിയേറ്ററുമായ ജെയ്ക്ക് ഡ്രയാൻ പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധനേടുന്നത്. അദ്ദേഹം പങ്കുവയ്ക്കുന്ന വീഡിയോകളിൽ പലതും ഇന്ത്യൻ വിഭവങ്ങൾ പാകം ചെയ്യുന്നതാണ്.
അടുത്തിടെ അദ്ദേഹം ഉണ്ടാക്കിയ ഇന്ത്യൻ വിഭവങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതോടൊപ്പം എങ്ങനെയാണ് തനിക്ക് ഇന്ത്യയിലെ വിഭവങ്ങളോട് ഇത്തരത്തിൽ ഒരു സ്നേഹം രൂപപ്പെട്ട് വന്നത് എന്നതിനെ കുറിച്ചും ജെയ്ക്ക് വിവരിച്ചു.
‘ ഇത്രയേറെ ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് മിക്കപ്പോഴും ആളുകൾ ചോദിക്കാറുണ്ട്. തനിക്ക് 12 വയസുള്ളപ്പോൾ രണ്ട് ഗുജറാത്തി സുഹൃത്തുക്കളോടൊപ്പംഒരു ബാൻഡിൽ പ്ലേ ചെയ്യുന്നുണ്ടായിരുന്നു, ആ കാലത്താണ് ഇന്ത്യൽ ഭക്ഷണത്തോടുള്ള ഈ ഇഷ്ടം തുടങ്ങിയത്. അവരുടെ കുടുംബം ഞങ്ങൾക്ക് വേണ്ടി ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുമായിരുന്നു, അത് തനിക്ക് ഇഷ്ടമായിരുന്നു’ എന്നും ജെയ്ക് പറയുന്നു.
ഷെഫായി പരിശീലനം നേടിയ ശേഷം ഒരു ഹോട്ടലിൽ ജോലി ചെയ്തു. ആ സമയത്ത് കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരിൽ ഭൂരിഭാഗം ആളുകളും ഇന്ത്യക്കാരായിരുന്നു, അവർക്കുവേണ്ടിയും താൻ പാചകം ചെയ്യുമായിരുന്നു. അത് കഴിച്ചിട്ട് അവരുടെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി പോലെ ഇതുണ്ടെന്ന് അവർ പറയുമായിരുന്നു. ഇതൊക്കെയാണ് ഇന്ത്യൻ ഭക്ഷണം ഒരുപാടുണ്ടാക്കാനും ഇന്ത്യൻ ഭക്ഷണം ഇഷ്ടപ്പെടാനും കാരണം എന്നാണ് ജെയ്ക് പറയുന്നത്.