പത്തനംതിട്ട: ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഓണത്തോടനുബന്ധിച്ചു ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ്. ഇതിനൊപ്പം ചെങ്ങറ നിവാസികൾക്കു റേഷൻകാർഡും നൽകും. പതിനെട്ടു വർഷമായി ചെങ്ങറയിൽ കുടിൽ കെട്ടി താമസിച്ചു വന്നവർക്കു റേഷൻകാർഡ് ഇല്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങൾ പോലും നിഷേധിച്ചിരുന്നു. ചെങ്ങറയിലെ സമരം അനിശ്ചിതമായി നീളുന്നതുമായി ബന്ധപ്പെട്ട് ദീപിക കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
ചെങ്ങറ നിവാസികൾക്കുള്ള ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം ഇന്നു രാവിലെ 9.30ന് മന്ത്രി ജി. ആര്. അനില്‍ നിര്‍വഹിക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കാണ് പുതിയ റേഷന്‍ കാര്‍ഡ് നൽകുന്നത്. കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
താമസക്കാർക്ക് അംഗീകാരമാകും
സമരഭൂമിയിൽ താമസിക്കുന്നവർക്കു സ്ഥിരതാമസ രേഖ, കൂടാതെ സമരഭൂമിയിലെ റോഡുകൾ, വൈദ്യുതി, വെളളം, മറ്റ് ഭൂമിപ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ കഴിഞ്ഞയിടെ ചെങ്ങറയിലെത്തിയ റവന്യു സെക്രട്ടറി എ. രാജമാണിക്യത്തോടു സമരസമിതി പ്രവർത്തകർ ഉന്നയിച്ചിരുന്നു.
ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ പാട്ടഭൂമിയിൽ കുടിൽ കെട്ടി സമരം തുടങ്ങിയത് 2007 ഓഗസ്റ്റ് നാലിനാണ്. സ്വന്തമായി ഭൂമിയില്ലാത്ത നൂറു കണക്കിനു കുടുംബങ്ങൾ ഒറ്റരാത്രികൊണ്ട് എസ്റ്റേറ്റിലെ കുറുന്പറ്റി ഡിവിഷൻ കൈയേറി കുടിൽകെട്ടി സമരം ആരംഭിക്കുകയായിരുന്നു. ളാഹ ഗോപാലൻ നേതൃത്വം നൽകിയ സാധുജന വിമോചന സംയുക്ത വേദിയാണ് സമരം ആരംഭിച്ചത്.
സ്ത്രീകളും കുട്ടികളും അടക്കം കുടുംബങ്ങൾ ചെങ്ങറ എസ്റ്റേറ്റിലെ സ്ഥലം കൈയേറി ടാർപാളിൻ ഉപയോഗിച്ച് കുടിൽ കെട്ടി ആരംഭിച്ച സമരമാണ് ഇന്നും തുടരുന്നത്. സമരഭൂമിയിലേക്ക് ആദ്യകാലങ്ങളിൽ പ്രവേശനം കർശനമായി നിരോധിച്ചിരുന്നു. പുറത്തു നിന്നുള്ളവരെ ഇപ്പോഴും പരിശോധനയുടെ അടിസ്ഥാനത്തിലേ കടത്തിവിടാറുള്ളൂ. ചുറ്റുമതിൽ പുനർനിർമിക്കുന്നതിന്റെ ഉദ്ഘാടനവും ഇന്നലെ നടന്നു.
കുടിലുകൾ പലതും വീടുകളായി
കുടിലുകൾ പലതും സ്ഥിരം വീടുകളായി രൂപാന്തരപ്പെട്ടുവെങ്കിലും സർക്കാർ ഇതേവരെ ഇവരെ അംഗീകരിച്ചിരുന്നില്ല. ചെങ്ങറയിൽ അന്‍പതിലധികം കുടുംബങ്ങൾ സ്ഥിതാമസമാക്കിയിട്ടുണ്ട്. വീടു വയ്ക്കാനും ഉപജീവനത്തിനുമായി ഭൂമി ആവശ്യപ്പെട്ടു തുടങ്ങിയ സമരം ഒത്തുതീർപ്പാക്കാൻ ചർച്ചകൾ പലതും നടന്നു. വി.എസ്. അച്യുതാനന്ദൻ കേരള മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലാണ് ആദ്യം സമരം തുടങ്ങിയത്. കൈയറ്റമെന്നു പറഞ്ഞ് ആളുകളെ ഒഴിപ്പിക്കാൻ പല ശ്രമങ്ങളും നടന്നു.
എന്നാൽ, ഒഴിഞ്ഞു പോകാനില്ലെന്ന പിടിവാശിയിൽ ആളുകൾ നിന്നതോടെ സർക്കാരും പിൻമാറി. പകരം ഭൂമി നൽകുന്നതിലേക്കായി ചർച്ചകൾ നടന്നു. ഉമ്മൻ ചാണ്ടി സർക്കാർ ചെങ്ങറ പാക്കേജ് തയാറാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ചെങ്ങറയിൽ കുടിൽ കെട്ടിയവർക്കു ഭൂമി അനുവദിക്കാൻ സർക്കാർ തയാറായി. എന്നാൽ, സ്ഥലങ്ങളേറെയും വാസയോഗ്യമല്ലെന്നു കണ്ടതോടെ കാസർഗോഡും വയനാട്ടിലുമൊക്കെ ഭൂമി ലഭിച്ചവർ അതുപേക്ഷിച്ചു വീണ്ടും ചെങ്ങറയിൽ എത്തി.
സമരഭൂമിയിൽ ആളുകൾ ഒറ്റക്കെട്ട്
ഇതിനിടെ ചെങ്ങറ സമരനേതൃത്വത്തിൽ ആളുകൾ മാറിമാറിവന്നു. നേതാവാരായാലും എസ്റ്റേറ്റ് സ്ഥലം സ്വന്തമാക്കിയവർ കുടിയിറങ്ങാൻ തയാറാകില്ലെന്നാണ് 18 വർഷത്തെ അനുഭവം. പ്രതിസന്ധികളിൽ അവർ പിടിച്ചു നിന്നു. കൃഷി ചെയ്തു ഉപജീവനം നടത്തി. താത്കാലിക ഷെഡുകൾക്കു പകരം സ്ഥിരം വീടുകൾ രൂപപ്പെട്ടു. അങ്കണവാടി ഉൾപ്പെടെ പണിതു. ചെങ്ങറ സമരഭൂമിയിലെ താമസക്കാരെ ഔദ്യോഗികമായി അംഗീകരിക്കണമെന്നാവശ്യത്തിനാണ് ഇന്ന് ഭാഗികമായെങ്കിലും പരിഹാരമാകുന്നത്.