ന്യൂഡല്‍ഹി: രാജ്യത്തിന്റെ കരുത്തിന്റെ പ്രതീകമായ ചെങ്കോട്ടയില്‍ 1997 നുശേഷം സ്ഫോടനമുണ്ടാകുന്നത് മൂന്നാംതവണ. ഡല്‍ഹിയില്‍ 15 തവണയും. ഇതില്‍ ഏഴും 1997ല്‍ മാസങ്ങളുടെ ഇടവേളകളിലായിരുന്നു.
1997 ജനുവരി 9: ആദായനികുതി ഓഫീസ് മേഖലയിലെ പോലീസ് ആസ്ഥാനത്തുണ്ടായ സ്ഫോടനത്തില്‍ 50 പേര്‍ക്കു പരിക്കേറ്റു.
ഒക്ടോബര്‍-1: സദര്‍ ബസാര്‍ മേഖലയില്‍ ഘോഷയാത്രയ്ക്കിടെ സ്ഫോടനത്തില്‍ 30 പേര്‍ക്കു പരിക്ക്.
ഒക്ടോബര്‍ 10: ശാന്തിവനം, കൗരിയപുള്, കിംഗ്സ് വേ എന്നിവിടങ്ങളിലുണ്ടായ മൂന്ന് ബോംബ് സ്ഫോടനങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 16 പേര്‍ക്ക് പരിക്ക്.
ഒക്ടോബര്‍ 18: റാണിബാഗ് മാര്‍ക്കറ്റിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 23 പേര്‍ക്കു പരിക്ക്.
ഒക്ടോബര്‍ 26: കരോള്‍ബാഗ് മാര്‍ക്കറ്റിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 34 പേര്‍ക്കു പരിക്ക്.
നവംബര്‍ 30: ചെങ്കോട്ട പരിസരത്ത് ഇരട്ട സ്ഫോടനത്തില്‍ മൂന്നു മരണം, 70 പേര്‍ക്കു പരിക്ക്.
ഡിസംബര്‍ 30: പഞ്ചാബിബാഗിനു സമീപം ബസിലുണ്ടായ സ്ഫോടനത്തില്‍ നാല് യാത്രക്കാര്‍ക്കു ദാരുണാന്ത്യം. 30 പേര്‍ക്കു പരിക്ക്.
1998 ജൂലൈ 26: കാഷ്മീരി ഗേറ്റിലെ ബസ് ടെര്‍മിനലിലുണ്ടായ അതിശക്തമായ സ്ഫോടനത്തില്‍ രണ്ടു മരണം, മൂന്നുപേര്‍ക്കു പരിക്ക്.
2000 ജൂണ്‍ 18: ചെങ്കോട്ടയില്‍ ഇരട്ട സ്ഫോടനത്തില്‍ എട്ടുവയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടു മരണം. 12 പേര്‍ക്കു പരിക്ക്.
2005 മേയ് 22: ഡല്‍ഹി സിനിമാഹാളില്‍ സ്ഫോടനപരമ്പരയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്കു പരിക്ക്.
2005 ഒക്ടോബര്‍ 29: സരോജിനി നഗര്‍, പഹര്‍ഗഞ്ച് മാര്‍ക്കറ്റുകളിലും ഗോവിന്ദപുരിയിലെ ഒരു ബസിലുമുണ്ടായ സ്ഫോടനത്തില്‍ 67മരണം. നൂറിലേറെപ്പേര്‍ക്കു പരിക്ക്.
2006 ഏപ്രില്‍ 14: ഓള്‍ഡ് ഡല്‍ഹി ജുമാ മസ്ജിദിനു പിന്നിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 14 പേര്‍ക്കു പരിക്ക്.
2008 സെപ്റ്റംബര്‍ 13: കോണാട്ട്പ്ലേസ്, കരോള്‍ബാഗിലെ ഗാഫര്‍ മാര്‍ക്കറ്റ്, തെക്കന്‍ ഡല്‍ഹിയിലെ ഗ്രേറ്റര്കൈലാസില് എം-ബ്ലോക്ക് മാര്‍ക്കറ്റ് എന്നിവിടങ്ങളിലുണ്ടായ അഞ്ച് സ്ഫോടനപരമ്പരകളില്‍ 25 മരണം. നൂറിലേറെപ്പേര്‍ക്കു പരിക്ക്.
2008 സെപ്റ്റംബര്‍ 27: കുത്തബ്മിനാറിനു സമീപം മെഹ്റോളി ഫ്ളവർ മാര്‍ക്കറ്റിനു സമീപം സ്ഫോടനത്തില്‍ മൂന്നു മരണം, 21 പേര്‍ക്കു പരിക്ക്.
2011 മേയ് 25: ഡല്‍ഹി ഹൈക്കോടതിയുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ സ്ഫോടനം. 15 പേർ മരിച്ചു.

