മാവേലിക്കര: കഴിഞ്ഞ 22ന് അഞ്ചു പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതായി മൃഗസംരക്ഷണവകുപ്പ്. കഴിഞ്ഞ ദിവസം നായ ചത്തതിനെത്തുടര്‍ന്ന് മൃഗ സംരക്ഷണവകുപ്പിന്റെ കീഴിലുള്ള തിരുവല്ല എവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്.
22ന് രാവിലെ 6ന് ചെന്നിത്തല ചെറുകോല്‍ നാടാലിക്കല് ജംഗ്നിലുള്ള മുന്‍ ഇന്ത്യന്‍ പ്രതിപക്ഷ നേതാവ് സി.എം. സ്റ്റീഫന്റെ കുടുംബവീട്ടുവളപ്പില്‍ കയറിയ തെരുവു നായയാണ് അഞ്ചു പേരെ കടിച്ചത്. സി.എം. സ്റ്റീഫന്റെ സഹോദരന് പോള്‍ മത്തായിയാണ് ഇവിടെ താമസിക്കുന്നത്.
ഇയാളുടെ ബന്ധുവായ സ്ത്രീക്കും വീട്ടിലെ സഹായിയായ സ്ത്രീക്കുമാണ് ആദ്യം കടിയേറ്റത്. തുടര്‍ന്ന് നായയെ പിടിക്കാനായി എത്തിയ മൂന്നംഗ സംഘത്തിനും കടിയേറ്റു. തുടര്‍ന്ന് മാവേലിക്കര ബ്ലോക്ക് വെറ്റ റിനറി സര്‍ജനും നായ പ്രേമി സംഘത്തിലെ ആളുകളും ചേര്‍ന്ന് നായയെ പിടികൂടി കുത്തിവെയ്പ്പ് നല്കി മൃഗാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.