കൊച്ചി: സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നവംബറില്‍ കൊച്ചിയില്‍ നടത്താനിരിക്കുന്ന സിനിമ കോണ്‍ക്ലേവ് മാറ്റിയേക്കുമെന്നു സൂചന. സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ നടക്കുകയാണ്. സമിതി അധ്യക്ഷനായ സംവിധായകന് ഷാജി എന്‍. കരുണിന്റെ അധ്യക്ഷതയില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാറും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ചര്‍ച്ചയില്‍ തീയതി മാറ്റുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. നവംബര്‍ 24നും 25നുമാണ് കോണ്‍ക്ലേവ് തീരുമാനിച്ചിരുന്നത്. നവംബറിലും ഡിസംബറിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് ജനുവരിയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവ ചലച്ചിത്ര മേളയും ഡിസംബര്‍ ആദ്യവാരം കേരളീയവും അത് കഴിഞ്ഞു ഐഎഫ്എഫ്കെയും നടത്തുന്നുണ്ട്. ഇതിനാല്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ ഉടന്‍ എടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
സിനിമ കോണ്‍ക്ലേവിന് മുന്‍പായി ഒരു കരട് തയാറാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. വരും ദിവസങ്ങളില്‍ ഫെഫ്ക ഉള്‍പ്പെടെയുള്ള മറ്റു സംഘടനകളുമായുള്ള കൂടിക്കാഴ്ചകളും നടക്കും. അമ്മയ്ക്ക് നിലവില്‍ ഭാരവാഹികള്‍ ഇല്ലാത്തതിനാല്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ ശേഷമാകും ചര്‍ച്ച നടത്തുക.
വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തി കരട് രൂപരേഖ തയാറാക്കി സിനിമ കോണ്‍ക്ലേവില്‍ അവതരിപ്പിക്കും. തുടർന്ന് ഉയരുന്ന ചര്‍ച്ചകളുടേയും അഭിപ്രായങ്ങളുടേയും വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പരിഗണനയ്ക്ക് സമര്‍പ്പിക്കും. തുടർന്നാണ് സിനിമ നയം സര്‍ക്കാര്‍ രൂപീകരിക്കുക. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബി. ഉണ്ണികൃഷ്ണനും പത്മപ്രിയയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.