ഈസ്റ്റ് റൂഥര്‍ഫോഡ് (യുഎസ്): ഇന്ത്യന്‍ സമയം നാളെ അര്‍ധരാത്രി 12.30നു നടക്കുന്ന ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോള്‍ ഫൈനലിനു സാക്ഷ്യംവഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൊവ്വാഴ്ച നടന്ന കാബിനറ്റ് മീറ്റിംഗില്‍ ട്രംപ് ഇക്കാര്യം അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ ഫിഫ ഓഫീസ് തുറന്നു.
2026 ഫിഫ ലോകകപ്പിന്റെ ഡ്രസ്റിഹേഴ്സലായാണ് 2025 ക്ലബ് ലോകകപ്പ് വിശേഷിപ്പിക്കപ്പെട്ടത്. അമേരിക്കയ്ക്കൊപ്പം കാനഡ, മെക്സിക്കോ രാജ്യങ്ങളും സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2026 ലോകകപ്പ് ഫൈനല്‍ വേദിയായ ഈസ്റ്റ് റൂഥര്ഫോഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് ക്ലബ് ലോകകപ്പ് ഫൈനല്‍ അരങ്ങേറുന്നതെന്നതും ശ്രദ്ധേയം.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സംഘമായ ചെല്‍സിയും തമ്മിലാണ് ഫിഫ ക്ലബ് ലോകകപ്പ് ഫൈനല്‍. ക്ലബ് ലോകകപ്പ് ഏറ്റവും കൂടുതല്‍ തവണ (5) സ്വന്തമാക്കിയ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനെ (4-0) തകര്‍ത്താണ് പിഎസ്ജിയുടെ ഫൈനല്‍ പ്രവേശം. ബ്രസീല്‍ ക്ലബ്ബായ ഫ്ളുമിനെന്സിനെയാണ് ചെല്‍സി (2-0) സെമിയില്‍ തോല്‍പ്പിച്ചത്.