പ്രായം അവരെ തളര്‍ത്തിയില്ല; ഒത്തുകൂടി യപ്പോള്‍ ഓര്‍മകള്‍ക്കു പതിനേഴ്; സിഎംഎസ് കോളജിലെ 1949-51 ലെ ഇന്റര്‍ മീഡിയേറ്റ് ഫസ്റ്റ് ഗ്രൂപ്പ് ബാച്ചാണ് ഒത്തുകൂടിയത്

KTM-CMSCOLLETEകോട്ടയം: കാലപ്പഴക്കത്താല്‍ നിറം മങ്ങിയ ഫോട്ടോയില്‍ തങ്ങളെ കണ്ടു പിടിക്കാന്‍ അവര്‍ നന്നേ പാടുപെട്ടു. ഏറെ നേരം നീണ്ടു നിന്ന തെരച്ചിലിനൊടുവില്‍ 150ല്‍പ്പരം വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്നും തങ്ങളെ കണ്ടെത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും ആശ്ചര്യവും. സിഎംഎസ് കോളജിന്റെ ഗ്രേറ്റ് ഹാളില്‍ 1949–51 ലെ ഇന്റര്‍മീഡിയേറ്റ് ഫസ്റ്റ് ഗ്രൂപ്പ് ബാച്ച് ഏഴു വര്‍ഷത്തിനുശേഷം വീണ്ടും ഒത്തുകൂടിയപ്പോള്‍ കോളജ് കാമ്പസില്‍ പൂവിട്ട പൂമരങ്ങളെല്ലാം അവരുടെ കളിചിരിയില്‍ പങ്കാളികളായി. പലരും പഴയകാലത്തുണ്ടായ സംഭവങ്ങളെപ്പറ്റി വാചാലരായി.

പ്രായത്തിന്റെ അവശതയെ മറന്ന് ഒത്തുകൂടിയപ്പോള്‍ മിക്കവര്‍ക്കും പ്രായം പതിനേഴായി. പരസ്പരം കെട്ടിപ്പുണര്‍ന്നും സന്തോഷം പങ്കുവച്ചും അവര്‍ പഴയ കാലത്തേക്ക് തിരിച്ചു പോയി. ഇതിനു മുമ്പു 2000ലാണ് ആദ്യമായി 1949–51 ബാച്ച് വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നത്. പിന്നീട് 2003ലും 2008ലും 2009ലും ഒത്തുചേരല്‍ ഉണ്ടായി. ഇന്നലെ നടന്ന ഒത്തുചേരലില്‍ 23പേരുണ്ടായിരുന്നു. അതില്‍ 10 പേര്‍ സ്ത്രീകളും. കോളജ് പഠനത്തിനുശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയവരാണ് കൂടുതലും. മിക്കവരും കേരളത്തിനു പുറത്ത് താമസമാക്കിയവര്‍.

ഒത്തുചേരലില്‍ പങ്കെടുക്കാനായി മാത്രം എത്തിയവരാണ് അവരില്‍ കൂടുതലും. കാരൂര്‍ നീലകണ്ഠപിള്ളയുടെ മകള്‍ ബി. സരസ്വതി, കോട്ടയം ഡെപ്യൂട്ടി കളക്ടറായി റിട്ടയര്‍ ചെയ്ത കെ.പി. കുര്യന്‍, ശാസ്ത്രജ്ഞനായ ജോര്‍ജ് ജോ ണ്‍, അന്നത്തെ ഹോസ്റ്റല്‍ വാര്‍ഡന്‍ ഫാ. കെ.വി. മാത്യു, അധ്യാപകന്‍ ഡോ. പി.ഇ. തോമസ് തുടങ്ങി ഒട്ടനവധി പ്രമുഖര്‍ ഒത്തുചേരലില്‍ പങ്കാളികളായി. ഡോ. പി. ഇ. തോമസിനു 90വയസുണ്ടെങ്കി ലും താന്‍ പഠിപ്പിച്ച വിദ്യാര്‍ഥികളെ കണ്ടപ്പോള്‍ മനസില്‍ നിറഞ്ഞത് അന്നത്തെ ക്ലാസെടുക്കുന്ന രീതിയും വിദ്യാര്‍ഥികളുടെ കുസൃതിയുമാണ്. കെഎസ്ഇബി ചീഫ് എന്‍ജിനിയറായി റിട്ടയര്‍ ചെയ്ത കഞ്ഞിക്കുഴി വാക്കമറ്റത്തില്‍ വി.ജെ. ജേക്കബിനു പ്രായം 83. എന്നാല്‍, പ്രായത്തിന്റെ അവശതകള്‍ ജേക്കബിനെ തളര്‍ത്തിയെങ്കിലും ഒത്തുചേരലിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദേഹം. വീണ്ടും ഒത്തുകൂടാമെന്ന പ്രതീക്ഷയില്‍ എല്ലാവരും കാമ്പസ് വിടുമ്പോള്‍ കോളജിലെ പൂമരങ്ങള്‍ അവര്‍ക്കായി കുറച്ച് പൂക്കള്‍ പൊഴിച്ചു തുടങ്ങിയിരുന്നു.

Related posts