കൊക്കെയ്ൻ ഗുളികരൂപത്തിലാക്കി വിഴുങ്ങിയെത്തിയ ബ്രസീലിയൻ ദമ്പതികൾക്കു പ്രതിഫലമായി ലഭിക്കുന്നത് മൂന്നു ലക്ഷം രൂപയെന്നു വെളിപ്പെടുത്തൽ. ഡിആർഐ ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്.
ലഹരിഗുളിക വയറിനുള്ളിൽവച്ച് പൊട്ടിയാൽ മരണം വരെ സംഭവിക്കും. ബ്രസീലിയൻ സ്വദേശികളായ ബ്രൂണ ഗബ്രിയേൽ റോഡ്രിഗസ്, ഭാര്യ ലുകാസ് ഡസിൽവ ബറ്റിസ്റ്റ എന്നിവരിൽനിന്ന് 16 കോടി രൂപ വിലവരുന്ന 1,670 ഗ്രാം കൊക്കെയ്നാണു ഡിആർഐ പിടിച്ചെടുത്തത്. ഇതു സുരക്ഷിതമായി കേരളത്തിലെത്തിച്ചാൽ ഒന്നരലക്ഷം രൂപ വീതം ഓരോരുത്തർക്കും പ്രതിഫലം ലഭിക്കുമെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.
എന്നാൽ കേവലം മൂന്നുലക്ഷം രൂപയ്ക്കുവേണ്ടിയാണ് കോടികൾ വിലവരുന്ന മാരക മയക്കുമരുന്നായ കൊക്കെയ്ൻ ജീവൻപോലും അപകടപ്പെടുത്തി ഇവർ കടത്താൻ ശ്രമിച്ചതെന്ന മൊഴി ഉദ്യോഗസ്ഥർ പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണു തീരുമാനം.
നെടുമ്പാശേരിയിൽ വിമാനമിറങ്ങിയശേഷം തിരുവനന്തപുരത്ത് എത്താനാണു ബ്രസീലിയൻ മയക്കുമരുന്ന് കടത്തുസംഘം ഇവരോടു നിർദേശിച്ചിരുന്നത്. ഇവിടെ ഇവർക്കു താമസിക്കാൻ ഹോട്ടലിൽ മുറിയും ബുക്ക് ചെയ്തിരുന്നു.
തിരുവനന്തപുരത്ത് ലഹരി കൈമാറേണ്ട ആളുകളുടെ വിവരം തങ്ങൾക്ക് ബ്രസീലിയൻ സംഘം നൽകിയിരുന്നില്ലെന്നാണ് ഇവർ പറഞ്ഞത്. ഹോട്ടലിൽ എത്തിയശേഷം വാട്ട്സാപ്പിൽ തങ്ങളുമായി ബന്ധപ്പെടാനാണു നിർദേശം നൽകിയിരുന്നതെന്നും ഇവർ വ്യക്തമാക്കി.
ഡിആർഐയ്ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞ 11ന് നെടുമ്പാശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികളെ അങ്കമാലിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അഞ്ചു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് ലഹരിഗുളികകൾ വയറിൽനിന്നു പൂർണമായും പുറത്തെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ബ്രസീലിലെ സാവോപോളോയിൽനിന്നാണ് ഇവർ എത്തിയത്.