കളക്ടര്‍ ബ്രോ ഇനി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. കോഴിക്കോട് കലക്ടര്‍ ആയിരിക്കേ ‘ഓപറേഷന്‍ സുലൈമാനി’ എന്ന പേരില്‍ കോഴിക്കോടിന്റെ ‘വിശപ്പില്ലാ നഗരം’ പദ്ധതി വിജയകരമായി നടപ്പാക്കി ജനകീയനായ പ്രശാന്ത് നായര്‍ ‘കലക്ടര്‍ ബ്രോ’ എന്ന പേരിലാണ് പ്രശസ്തനായത്. ഇപ്പോള്‍ അവധിയിലാണ്.

കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ പ്രശാന്തിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാല്‍ കലക്ടര്‍ ആയിരിക്കേ പ്രദേശിക രാഷ്ട്രീയ നേതൃത്വവുമായി പല അഭിപ്രായ ഭിന്നതകളും പ്രകടിപ്പിച്ചിട്ടുള്ള പ്രശാന്ത് നായര്‍ പിന്നീട് സര്‍വീസില്‍ നിന്ന് അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

മുന്‍ ഐ.എ.എസ് ഓഫീസര്‍ കൂടിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സെക്രട്ടറിയായി കലക്ടര്‍ ബ്രോയെ നിയമിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സര്‍വീസിലിരിക്കേ സാക്ഷരതാ യജ്ഞം അടക്കം ജനകീയമായ പല പദ്ധതികളും നടപ്പാക്കി വിജയിപ്പിച്ചയാളാണ് കണ്ണന്താനവും.

Related posts