കൊച്ചി: സംസ്ഥാനത്തെ കോളജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ഥിനികളെ കരിയറില്‍ പവര്‍ഫുള്ളാക്കാന്‍ കുടുംബശ്രീയുടെ ‘വിമന്‍ പവര്ലൈഫ് മാസ്റ്റര്‍ പ്ലാന്‍’ പദ്ധതി വരുന്നു. വിദ്യാര്‍ഥിനികള്‍ക്ക് സ്വന്തം കഴിവുകളും താല്പര്യങ്ങളും തിരിച്ചറിയാനും അനുയോജ്യമായ ലൈഫ് മാസ്റ്റര്‍ പ്ലാൻ തയാറാക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ വിദ്യാഭ്യാസം തുടരേണ്ടി വരുന്നത് പെണ്‍കുട്ടികളുടെ കരിയറിലെ വളര്‍ച്ചയും വ്യക്തിത്വ വികാസവും തടസപ്പെടുത്തുന്നുണ്ട്. ബിരുദാനന്തര ബിരുദമടക്കം ഉന്നത വിദ്യാഭ്യാസം നേടുന്ന യുവതികള്‍ ഉണ്ടെങ്കിലും തൊഴില്‍ രംഗത്ത് അവരുടെ പങ്കാളിത്തം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബശ്രി ‘വിമന്‍ പവര്ലൈഫ് മാസ്റ്റര്‍ പ്ലാൻ’ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്.
പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്തി വരുമാനം നേടാന്‍ സഹായിക്കുകയും ലിംഗസമത്വം ഉറപ്പു വരുത്തുന്ന തൊഴില്‍ പരിസ്ഥിതി രൂപപ്പെടുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത ഓരോ കോളജുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വിദ്യാര്‍ഥിനിയുടെയും പഠന, പാഠ്യേതര രംഗത്തെ മികവുകള്‍, നേരിടുന്ന വെല്ലുവിളികള്‍ എന്നിവ സംബന്ധിച്ച് കാമ്പസ് തലത്തില്‍ അതാത് കോളജുകളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ വിവരശേഖരണവും വിശകലനവും നടത്തും.
വിദ്യാര്‍ഥിനികള്‍ക്കായി കരിയര്‍ കൗണ്‍സലിംഗ്, മെന്ററിംഗ് എന്നിവ ഉള്‍പ്പെടെ പരിശീലന പരിപാടികളും സംഘടിപ്പിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഓരോ വിദ്യാര്‍ഥിനിക്കും ആവശ്യമായ വ്യക്തിഗത ലൈഫ് മാസ്റ്റര്‍ പ്ലാൻ തയാറാക്കും. കുടുംബശ്രീയുടേയും മറ്റു കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനങ്ങളുമായും ഇവരെ ബന്ധിപ്പിക്കും.
നേതൃത്വ വികസന പരിശീലനം, ശില്പശാലകള്, വിവിധ കാമ്പയിനുകള്‍ എന്നിവയും സംഘടിപ്പിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഉന്നത വിദ്യാഭ്യാസ ഗവേഷണ തൊഴില്‍, കൗണ്‍സലിംഗ് സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളം ജില്ലയില്‍ മഹാരാജാസ് കോളജിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്ന കോളജുകള്‍
1. ഗവ. സംസ്കൃത കോളേജ് (തിരുവനന്തപുരം)
2. ബേബി മെമ്മോറിയല്‍ ഗവ. കോളേജ് (ചവറ, കൊല്ലം)
3. എം.എം.എന്‍.എസ്.എസ് കോളേജ് (കോന്നി, പത്തനംതിട്ട)
4. എസ്.ഡി കോളേജ് (ആലപ്പുഴ)
5. ഗവ.കോളേജ് (നാട്ടകം, കോട്ടയം)
6. മരിയന്‍ കോളേജ് (കുട്ടിക്കാനം, ഇടുക്കി)
7. മഹാരാജാസ് കോളേജ് (എറണാകുളം)
8. സെന്റ് തോമസ് കോളേജ്, സോഷ്യല്‍ വര്‍ക്ക്
വിഭാഗം (തൃശൂര്‍)
9. നേതാജി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് (നെന്മാറ, പാലക്കാട്)
10. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല (തിരൂര്‍, മലപ്പുറം)
11. ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്
(മീഞ്ചന്ത, കോഴിക്കോട്)
12. ഡോണ്‍ ബോസ്കോ കോളേജ്
(സുല്‍ത്താന്‍ ബത്തേരി, വയനാട്)
13. ഡോണ്‍ ബോസ്കോ കോളേജ്
(അങ്ങാടിക്കടവ്, കണ്ണൂര്‍)
14. ഗവ. കോളേജ് (കാസര്‍ഗോഡ്).
സ്വന്തം ലേഖിക