എസ്.ആര്. സുധീര്‍ കുമാര്‍
കൊല്ലം: പുറംകടലില്‍ മുങ്ങിയ എംഎസി എല്‍സ-മൂന്ന് എന്ന കപ്പലിലെ ഒന്‍പതു കണ്ടെയ്നറുകള്‍ കൊല്ലം തീരത്ത് കണ്ടെത്തി. കരുനാഗപ്പള്ളി ചെറിയഴീക്കലാണ് ആദ്യ കണ്ടെയ്നര്‍ തീരത്തടിഞ്ഞത്. ഇന്നലെ രാത്രി പത്തരയോടെ കണ്ടെയ്നര്‍ കടല്‍ ഭിത്തിയില്‍ ഇടിച്ചുനില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഒഴിഞ്ഞ കണ്ടെയ്നറാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ടെയ്നറിന്റെ ഒരു വശം തുറന്ന നിലയിലാണ്. ജനവാസ മേഖലയ്ക്ക് അടുത്താണ് കണ്ടെയ്നര്‍ അടിഞ്ഞത്. സമീപത്തെ അഞ്ച് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. കൊല്ലം കലക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിരുന്നു.
മറ്റൊരു കണ്ടെയ്നര്‍ തീരത്ത് അടിഞ്ഞത് ശക്തികുളങ്ങര മദാമ്മതോപ്പിലാണ്. ഇന്ന് പുലര്‍ച്ചെയാണ് ഇത് തീരത്ത് എത്തിയത്. ഇതും കാലിയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. നീണ്ടകര പരിമണം ഭാഗത്ത് മൂന്ന് കണ്ടെയ്നറുകള്‍ ഒഴുകി നടക്കുന്നതായി കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊല്ലം – ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയായ വലിയഴീക്കല്‍ ഭാഗത്തും ഒരു കണ്ടെയ്നര്‍ അടിഞ്ഞിട്ടുണ്ട്. കൂടാതെ ആലപ്പാട് കുഴിത്തുറയിലും ഒരു കണ്ടെയ്നര്‍ അടിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നീണ്ടകര അടക്കമുള്ള കൊല്ലത്തെ തീരത്ത് കൂടുതല്‍ കണ്ടെയ്നറുകള്‍ എത്താനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്നറുകള്‍ കാണപ്പെടുന്ന സ്ഥലത്തേക്ക് ആളുകള്‍ എത്തരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെത്തിയ കണ്ടെയ്നറുകള്‍ ക്രയിന്‍ ഉപയോഗിച്ച് മാറ്റാനാണ് തീരുമാനം.
കടലില്‍ എണ്ണപ്പാടയോ മറ്റോ കണ്ടെത്തിയാല്‍ അത് നീക്കം ചെയ്യാനുള്ള സംഘവും ജില്ലയില്‍ എത്തിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിലെ കൂടുതല്‍ ഉദ്യോഗസ്ഥരും കൊല്ലത്തക്ക് തിരിച്ചിട്ടുണ്ട്.
പുറംകടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ ആലപ്പുഴ തീരത്തും
ആലപ്പുഴ: അറബിക്കടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ ആലപ്പുഴ തീരത്തും കണ്ടെത്തി. ആലപ്പുഴ തറയിൽക്കടവ് ഭാഗത്ത് കടലിലാണ് കണ്ടെയ്നറുകൾ കാണപ്പെട്ടത്.
ഒരെണ്ണം തീരത്തോടു ചേര്‍ന്നും മറ്റൊന്നു കടലിലുമാണു കണ്ടത്. കപ്പലിൽ 640 കണ്ടെയ്നറുകളുള്ളതിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കളുണ്ടെന്നു സ്ഥിരീകരിച്ചു. കണ്ടെയ്നറുകളിൽ ചിലത് കപ്പലിനൊപ്പം കടലിലേക്ക് ആഴ്ന്നുപോയി. അതേസമയം, കോസ്റ്റ് ഗാർഡ് ഇൻഫ്രാറെഡ് സംവിധാനമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് രാത്രിയിലും കപ്പലിൽ നിന്നുള്ള എണ്ണചോർച്ച പ്രതിരോധിക്കുന്നത് തുടർന്നു.
കണ്ടെയ്നറുകൾ അടിഞ്ഞതു ജനവാസ മേഖലയ്ക്കു സമീപമായതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് കടലിൽ കണ്ടെയ്നർ കണ്ടത്.