കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എറണാകുളം ജില്ലയില്‍ ഫലം കാണുന്നതായി കണക്കുകള്‍. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും രോഗികളുടെ എണ്ണത്തിലേക്കാളേറെ രോഗമുക്തരുടെ എണ്ണം വര്‍ധിച്ചത് ജില്ലയ്ക്ക് ആശ്വാസമാകുമ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞ് 22 ശതമാനത്തിനും താഴെയെത്തി.
കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ജില്ലയില്‍ 16,604 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയവരാകട്ടെ 35,787 പേരാണ്. അഞ്ച് ദിവസത്തിനിടെ രോഗികളുടെ എണ്ണത്തിനേക്കാള്‍ ഇരട്ടിയിലേറെപേരാണു രോഗമുക്തരായത്.
അതിനിടെ, ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.9 ശതമാനത്തിലെത്തി. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് 30 ശതമാനം മറികടന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റാണു കുറയുന്നത്. ലോക്ഡൗണിനു പിന്നാലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നതോടെയാണു രോഗികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നത്.
അതേസമയം, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുമ്പോഴും ജില്ലയില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇന്നലെ മാത്രം ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ 301 പേര്‍ക്കെതിരെ കേസെടുത്തു. റൂറല്‍ പോലീസിന്റെ കീഴില്‍ 214 കേസുകളും സിറ്റി പോലീസിന്റെ കീഴില്‍ 88 പേര്‍ക്കുമെതിരെ ആണ് കേസെടുത്തത്.
മാസ്ക് ധരിക്കാത്തതിന് 133 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 172 പേര്‍ക്കെതിരെയും നടപടിയെടുത്തു. 19 വാഹനങ്ങള്‍ പിടിച്ചെടുത്തു.