അമ്രേലി: ഗുജറാത്തിൽ ഗോഹത്യ കേസിൽ മൂന്നു പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മയിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെയാണ് സെഷൻസ് കോടതി ജഡ്ജി റിസ്വാന ബുഖാരി ശിക്ഷിച്ചത്. പ്രതികൾ 18 ലക്ഷം രൂപ പിഴയും അടയ്ക്കണം.
2023ൽ അമ്രേലി ജില്ലയിലാണു കേസിനാസ്പദമായ സംഭവം. പശുക്കളെ കശാപ്പ് ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ 40 കിലോ ബീഫ് പിടികൂടിയിരുന്നു. പശുക്കളുടെ ശരീരഭാഗങ്ങളും കണ്ടെത്തി. കാസിം സോളങ്കിയെ ഉടൻ പോലീസ് പിടികൂടി. മറ്റു രണ്ടു പേരെ പിന്നീടാണ് അറസ്റ്റ് ചെയ്തത്.
പശുവിനെ കശാപ്പ് ചെയ്ത കേസിൽ ഗുജറാത്തിൽ ആദ്യമായാണു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നത്. കോടതിവിധിയെ ‘ചരിത്രപരം’ എന്നാണ് ഗുജറാത്ത് സർക്കാർ വക്താവ് ജിത്തു വഘാനി വിശേഷിപ്പിച്ചത്.
2011ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേയാണ് ഗുജറാത്തിൽ ഗോഹത്യക്കെതിരേ കർശന നിയമംപാസാക്കിയത്. 2017ൽ നിയമത്തിൽ ഭേദഗതി വരുത്തി ജീവപര്യന്തം തടവുകൂടി ചേർത്തു.

