ചങ്ങനാശേരി: സിപിഎമ്മിലെ അവഗണനയിലും പാര്‍ട്ടി നേതൃത്വത്തിന്റെ സംഘടനാവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് ചങ്ങനാശേരി ഏരിയാ കമ്മിറ്റിയില്‍നിന്ന് രണ്ടു യുവനേതാക്കള്‍ രാജിയിലേക്ക്.
ഏരിയാ കമ്മിറ്റിയംഗവും മാടപ്പള്ളി ലോക്കല്‍ സെക്രട്ടറിയും മാടപ്പള്ളി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.എ. ബിന്സണ്, ഡിവൈഎഫ്ഐ ചങ്ങനാശേരി ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റിയംഗവുമായ ജസ്റ്റിന് ജോസഫ് എന്നിവരാണ് പാര്‍ട്ടിയിലെ പടനീക്കത്തില്‍ പ്രതിഷേധിച്ച് രാജി സന്നദ്ധത അറിയിച്ചത്. ഇതുസംബന്ധിച്ച് ഇരുവരും ചങ്ങനാശേരി ഏരിയാ സെക്രട്ടറി കെ.ഡി. സുഗതന് കത്തു നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മൂന്നിന് തെങ്ങണയിലുള്ള മാടപ്പള്ളി സിപിഎം മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ഏരിയാ സെക്രട്ടറി കെ.ഡി. സുഗതന് ലോക്കല്‍ സെക്രട്ടറി പി.എ. ബിന്സനെതിരേ പരാമര്‍ശങ്ങള്‍ നടത്തിയതായി സൂചനകളുണ്ട്. ഇതേത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് പി.എ. ബിന്‍സണും ജസ്റ്റിന് ജോസഫും പാർട്ടിയുടെ ഔദ്യോഗിക ചുമതലകളില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് ഏരിയാ സെക്രട്ടറിക്ക് കൈമാറിയത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാടപ്പള്ളി പഞ്ചായത്തിന്റെ 16-ാം വാര്‍ഡില്‍ കന്നിയംഗത്തില്‍ ബിജെപി, കോണ്‍ഗ്രസ് അംഗങ്ങളെ തോല്‍പ്പിച്ചാണ് ബിന്സണ് വിജയിച്ചത്. എന്നാല്‍, ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും യുവനേതാവുമായ ബിന്‍സനെ ഒഴിവാക്കി ചങ്ങനാശേരിയിലെ സിപിഎം നേതൃത്വം മറ്റൊരു ഏരിയാ കമ്മിറ്റിയംഗമായ മണിയമ്മ രാജപ്പന് അഞ്ചുവര്‍ഷവും പ്രസിഡന്റ് സ്ഥാനം നല്‍കുകയായിരുന്നു.
ബിന്സന് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനംകൊണ്ട് തൃപ്തിയടയേണ്ടിവന്നു. കഴിഞ്ഞ ഒക്ടോബറില്‍ അന്നത്തെ ലോക്കല്‍ സെക്രട്ടറി അവധിയെടുത്ത സാഹചര്യത്തില്‍ ബിന്സണ് ലോക്കല്‍ സെക്രട്ടറിയുടെ ചുമതല ലഭിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ലോക്കല്‍ സെക്രട്ടറി സ്ഥാനവും ഏരിയ കമ്മിറ്റിയംഗത്വവും പി.എ. ബിന്സണിനു ലഭിച്ചു.
ഇതേച്ചൊല്ലി മാടപ്പള്ളിയിലെ സിപിഎമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങളാണ് ലോക്കല്‍ സെക്രട്ടറി പി.എ. ബിന്‍സണും ഡിവൈഎഫ്ഐ ചങ്ങനാശേരി ബ്ലോക്ക് സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ ജസ്റ്റിന് ജോസഫ് എന്നിവര്‍ പാര്‍ട്ടിയുമായി ഇടയാന്‍ കാരണമായത്. ഇരുവരും പാര്‍ട്ടി വിടുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.