അമ്പലപ്പുഴ: മുൻമന്ത്രി ജി. സുധാകരനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനും സിപിഎം അമ്പലപ്പുഴ തെക്ക് ലോക്കൽ കമ്മിറ്റി അംഗവുമായ മിഥുനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ചോദ്യംചെയ്യലിനുശേഷം പിന്നീട് ജാമ്യം നൽകി വിട്ടയച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി ഫോൺ കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച ആലപ്പുഴയിൽ പ്രൗഡ് കേരള എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ സമുഹ നടത്തത്തെ അഭിനന്ദിച്ച് ജി. സുധാകരൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.
കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും ലഹരിക്കെതിരെയുള്ള പോരാട്ടം ഏറ്റെടുക്കണമെന്നാണ് അദ്ദേഹം അഭ്യർഥിച്ചത്. ഇതിന് താഴെയാണ് മിഥുൻ ജി. സുധാകരനെ ആക്ഷേപിച്ച് കമന്റിട്ടത്. തുടർന്ന് ജി. സുധാകരൻ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെത്തി സിഐക്കു പരാതി നൽകിയതിനെത്തുടർന്നാണ് നടപടി.