കഠുവ സംഭവം! ബിജെപി ജമ്മുകാഷ്മീര്‍ ഘടകത്തിന്റെ ഒഫീഷ്യല്‍ സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്; ആക്രമണം പ്രതികള്‍ക്കായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയതില്‍ പ്രതിഷേധിച്ച്

കഠുവയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതികള്‍ക്കായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജമ്മുകാഷ്മീര്‍ ഘടകത്തിന്റെ ഒഫിഷ്യല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്. എട്ടുവയസുകാരിയ്ക്ക് പിന്തുണ അര്‍പ്പിച്ചാണ് കേരളാ സൈബര്‍ വാരിയേഴ്സ് സൈറ്റ് ഹാക്ക് ചെയ്തത്.

ഇന്ത്യന്‍ ദേശീയ പതാകയുടെ കളറില്‍ സന്ദേശമെഴുതിയാണ് കേരള സൈബര്‍ വാരിയേഴ്സ് സൈറ്റ് ഹാക്ക് ചെയ്തത്. മനുഷ്യത്വത്തിനു അപ്പുറം ഒന്നുമില്ല. വിവേചനം ക്ഷമിക്കാന്‍ കഴിയുന്നതല്ല എന്നായിരുന്നു സൈറ്റില്‍ എഴുതിയിരുന്നതെന്ന് ‘ഗ്രേറ്റര്‍ കാഷ്മീര്‍’ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നെന്ന വിവരം കാഷ്മീര്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക് കൗള്‍ സ്ഥിരീകരിച്ചു. ‘സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടെടുത്തിട്ടുണ്ട്. പോലീസില്‍ ഞങ്ങള്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. നോര്‍ത്ത് കേരളയില്‍ നിന്നുള്ളവരാണ് ഇതിനു പിന്നില്‍. കേരളത്തെ സാഹചര്യങ്ങള്‍ ആര്‍ക്കും മറച്ചു വെക്കാന്‍ കഴിയുകയില്ല’ അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കാന്‍ ബി.ജെ.പി വ്യക്തമായ ശ്രമം നടത്തുകയാണെന്നും സൈബര്‍ വാരിയേഴ്‌സ് പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നുണ്ട്. സൈറ്റ് ഹാക്ക് ചെയ്തതിന്റെ വീഡിയോയും കേരളാ സൈബര്‍ വാരിയേഴ്സ് പുറത്തുവിട്ടിട്ടുണ്ട്.

 

Related posts