വ്യാജ ഇ-കോമേഴ്സ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് സൈബര്‍ പോലീസിന്റെ മുന്നറിയിപ്പ്. പ്രമുഖ ഇ – കോമേഴ്സ് സൈറ്റുകള്‍ക്കു സമാനമായ സൈറ്റുകള്‍, കുറഞ്ഞ തുകയ്ക്ക് ബ്രാന്‍ഡഡ് ആയിട്ടുള്ള ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്തു സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങളായും വാട്സ്ആപ്പ്, ഇ – മെയില്‍ എന്നിവ വഴിയും ലഭ്യമാക്കിയാണ് തട്ടിപ്പുകള്‍ നടത്തുന്നത്.
ഇത്തരം തട്ടിപ്പുകളില്‍ പെട്ട് വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുെമന്ന് കരുതി പണം നല്‍കുന്നവര്‍ക്ക് പണം നഷ്ടപ്പെടാം. സംസ്ഥാനത്ത് ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നതോടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
ടൈപോസ്ക്വോട്ടിംഗ്?
ഒറ്റനോട്ടത്തില്‍ പ്രധാന വെബ്സൈറ്റുകളുടെ അഡ്രസ് പോലെ തോന്നിക്കത്തക്കവിധം, അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റ് അഡ്രസിലെ അക്ഷരങ്ങള്‍ തെറ്റിച്ച് തട്ടിപ്പ് സൈറ്റുകളിലെത്തിക്കുന്ന സൈബര്‍ കുറ്റകൃത്യമാണ് ടൈപോസ്ക്വോട്ടിംഗ്.
ഉദാഹരണമായി Goggle. com , foogle. com, hoogle. com, boogle. com, yoogle. com, toogle. com, roogle. com തുടങ്ങിയ രീതിയിലുള്ളതാണ് URL ഹൈജാക്കിംഗ് സൈറ്റുകള്‍. കെട്ടിലും മട്ടിലും യഥാര്‍ഥ വെബ്സൈറ്റിനെ അനുസ്മരിപ്പിക്കുന്നതായിരിക്കും ടൈപോസ്ക്വോട്ടിംഗ് വെബ്സൈറ്റുകള്‍. യഥാര്‍ഥ വെബ്സൈറ്റിന്റെ അഡ്രസ് ടൈപ്പു ചെയ്യുമ്പോള്‍ അതില്‍ ഒരക്ഷരം തെറ്റിയാല്‍ എത്തിച്ചേരുന്നത് URL ഹൈജാക്കിംഗ് വെബ്സൈറ്റുകളിലേക്കാകാം. ഒറിജിനല്‍ വെബ്സൈറ്റ് പോലെ തോന്നിക്കാന്‍ വേണ്ടി അവരുടെ ലോഗോകള്‍, ലേഔട്ട്, ഉള്ളടക്കം തുടങ്ങിയവയൊക്കെ ഇത്തരം വ്യാജ വെബ്സേറ്റില്‍ കാണാം.
അഡ്രസ് എക്സ്റ്റെന്ഷന് മാറ്റിയും തട്ടിപ്പിനിരയാക്കാം.’.org’ എന്നതിന് പകരം ‘.com’ എന്നായിരിക്കും ഹൈജാക്കിംഗ് സൈറ്റില്‍. ഉദാഹരണം google.co ¡v ]Icw google.org . www.facebook.com – wwwfacebook.com എന്ന രീതിയിലും തട്ടിപ്പ് നടത്തും.
അറിയപ്പെടുന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കിങ് സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ വെബ്സൈറ്റുകള്‍ കാണാറുള്ളത്. ഇവയില്‍ ലോഗ് ഇന്‍ ചെയ്തു ബാങ്കിങ് വിശദാംശങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ നല്കിയാല് തട്ടിപ്പിനിരയാകാം. ഇങ്ങനെ ലഭിക്കുന്ന പല വിവരങ്ങളും സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു.
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട
തെറ്റായ വെബ് സൈറ്റിലേക്കാണ് പ്രവേശിച്ചത് എന്ന് മനസിലായാല്‍ ബ്രൗസര്‍ ക്ലോസ് ചെയ്ത് കുക്കീസ് ക്ലിയര്‍ ചെയ്യുക. വെബ്സൈറ്റിന്റെ പേര് ടൈപ്പു ചെയ്ത ശേഷം എന്തെങ്കിലും പന്തികേടു തോന്നിയാല്‍ വീണ്ടും പരിശോധിക്കുക.
URL ഹൈജാക്കിംഗ് പ്രതിരോധം ഉള്ള ബ്രൗസറുകള്‍ ഉപയോഗിക്കുക. പല ബ്രൗസറുകള്‍ക്കും ടൈപോസ്ക്വോടിങ്ങിനെതിരെയുള്ള വെബ് എക്സ്റ്റെന്‍ഷനുകള്‍ ലഭിക്കും. അവ പ്രയോജനപ്പെടുത്താം. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നല്‍കാതെ വിവേകത്തോടെ പെരുമാറുന്നതാണ്.
സ്വന്തം ലേഖിക

