‘നാഡ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിലും മഴയ്ക്കു സാധ്യത, 48 മണിക്കൂറിനുള്ള തമിഴ്‌നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത

weatherബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട കൊടുങ്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നിങ്ങുന്നതായി കാലാവസ്ഥ വകുപ്പ്. ഒമാന്‍ പേരിട്ട ‘നാഡ’ കൊടുങ്കാറ്റാണ് തമിഴ്‌നാടിനെ ലക്ഷ്യംവച്ച് നീങ്ങുന്നത്. വെള്ളിയാഴ്ച്ചയോടെ കൊടുങ്കാറ്റ് തമിഴ്‌നാട് തീരത്തെത്തും. കൊടുങ്കാറ്റിന് മുന്നോടിയായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള തീരങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചെന്നൈ തീരത്തുനിന്ന് 770 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിപ്പോള്‍.

വടക്കുപടിഞ്ഞാറന്‍ ദിശയില്‍ തമിഴ്‌നാട് തീരത്തേക്കു മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയിലാണു കാറ്റിപ്പോള്‍ വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റ് ആയ സ്‌കൈമെറ്റ് വെതര്‍ പറയുന്നു. കൊടുങ്കാറ്റ് ഇനിയും ശക്തി പ്രാപിക്കും. വേദാരണ്യത്തിനും പുതുച്ചേരിയ്ക്കും ഇടയിലുള്ള തീരമേഖലകളിലാകും കൊടുങ്കാറ്റ് ആഞ്ഞടിക്കുകയെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു. കൊടുങ്കാറ്റ് മുന്നറിയിപ്പിന്റെ പേരില്‍ പരിഭ്രാന്തരാകേണ്ടെന്ന് ചെന്നൈ നിവാസികളോട് കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു.

2015 ഡിസംബറില്‍ ചെന്നൈയില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇന്നേവരെ ഉണ്ടായതില്‍ ഏറ്റവും വലിയ പ്രളയക്കെടുതിക്കാണ് അന്ന് നഗരം സാക്ഷ്യം വഹിച്ചത്. 35 സെന്റീമീറ്റര്‍ രേഖപ്പെടുത്തിയ അന്നത്തെ മഴയില്‍ നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. അതേസമയം ന്യൂനമര്‍ദം ചിലപ്പോള്‍ കേരളത്തിനും അനുഗ്രഹമായേക്കും. സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലവസ്ഥ വകുപ്പിന്റെ നിഗമനം.

Related posts