പഴയങ്ങാടി: മരുന്നുമാറി നൽകി എട്ടുമാസം പ്രായമുള്ള കുട്ടി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിനെതിരേ പോലീസ് കേസെടുത്തു. ഡോക്ടറുടെ കുറിപ്പടിയിൽനിന്ന് വ്യത്യസ്തമായ മറ്റൊരു മരുന്നു നൽകിയ എട്ടു മാസം പ്രായമുള്ള കുട്ടിയെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചെറുകുന്ന് പൂങ്കാവിലെ ഇ.പി. സമീറിന്റെ കുട്ടിയെ ശനിയാഴ്ചയാണ് പനിയെത്തുടർന്ന് പഴയങ്ങാടിയിലെ ഡോക്ടറെ കാണിച്ചത്. ഡോക്ടർ എഴുതിയ മരുന്നിനു പകരം മറ്റൊരു മരുന്ന് പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിൽ നിന്നും നൽകിയതായാണ് അടുത്ത ബന്ധു ഇ.പി. അഷ്റഫ് പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
മരുന്ന് കഴിച്ച കുട്ടിക്ക് ക്ഷീണമനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ ഡോക്ടറുടെ അടുത്ത് വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് കൊടുത്ത മരുന്നു മാറിയ വിവരം മനസിലായത്. പഴയങ്ങാടി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.