അടൂർ: ഡോ. എസ്. പാപ്പച്ചനും ഡെയ്സി പാപ്പച്ചനും ഒരേ തൂവൽപക്ഷികളായി നിന്ന് അടൂരിന്റെ ആതുരശുശ്രൂഷാരംഗത്തു പുതിയ സംരംഭങ്ങൾ കെട്ടിപ്പടുത്തവരാണ്. പ്രിയതമ ഡെയ്സിയുടെ വേർപാടിലൂടെ ഡോ. പാപ്പച്ചനുണ്ടായ നഷ്ടം ഇന്നിപ്പോൾ അടൂർ ലൈഫ് ലൈൻ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും ദുഃഖമാണ്. വർഷങ്ങളായി ഡെയ്സി അവരുടെ പ്രിയപ്പെട്ട ആന്റിയായിരുന്നു.
ഡോ. പാപ്പച്ചന്റെ നിഴലായി കൂടെനിന്ന് അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ വളർച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ചതും ഡെയ്സി പാപ്പച്ചൻ ആയിരുന്നു. ലൈഫ് ലൈൻ ആശുപത്രി രണ്ട് പതിറ്റാണ്ട് പിന്നിടുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം നടന്ന പരിപാടികൾക്ക് ക്രമീകരണം ചെയ്യുന്നതിൽ ഡയറക്ടർ കൂടിയായിരുന്ന ഡെയ്സി ആന്റിയായിരുന്നു മുൻനിരയിലുണ്ടായിരുന്നത്. ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ് പാപ്പച്ചൻ പല വേദികളിലും തന്റെ സഹധർമിണി നൽകിവരുന്ന പിന്തുണയെക്കുറിച്ച് വാചാലനാകാറുണ്ട്.
ആശുപത്രിയിൽ വരുന്ന രോഗികളോടു കുശലാന്വേഷണം നടത്തി സങ്കടപ്പെട്ടിരിക്കുന്ന രോഗികളെ കരുണയോടെ നോക്കി പുഞ്ചിരിച്ച് ആശ്വസിപ്പിക്കുന്ന ഡെയ്സിയുടെ മുഖം ആർക്കും മറക്കാനാകുന്നില്ല. ആശുപത്രിയിലെ ജീവനക്കാരുടെ പ്രിയപ്പെട്ട ആന്റി ആയിരുന്നു ഡെയ്സി. ഒരാഴ്ചയ്ക്ക് മുമ്പ് ചികിത്സാർഥം വെല്ലൂരിലേക്ക് പോകുന്പോൾ ആന്റി മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും യാത്രയാക്കിയത്. പ്രത്യാശയോടെയും സന്തോഷത്തോടെയും യാത്രയായ ഡെയ്സിയുടെ വിയോഗ വാർത്തയറിഞ്ഞ ജീവനക്കാർക്ക് അത് ഉൾക്കൊള്ളാനായില്ല. ആശുപത്രി ഡയറക്ടറെന്ന നിലയിൽ എപ്പോഴും സൗമ്യമായി പെരുമാറുന്ന ആന്റി മുഖം കറുത്ത് ഇന്നേവരെ ആരോടും സംസാരിക്കുന്നതു കണ്ടിട്ടേയില്ലെന്ന് പത്തു വർഷത്തിലേറെയായി ആശുപത്രി പിആർഒ ആയ ശ്രീകുമാർ പറയുന്നു.
സാമൂഹിക, ആത്മീയ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന ഡെയ്സി നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുഖ്യ പങ്കു വഹിച്ചു. ഭർത്താവിനൊപ്പം മക്കളെയും മരുമക്കളെയും ആതുര ശുശ്രൂഷാ രംഗത്തേക്ക് കൈപിടിച്ചതും ആന്റിയാണ്. ചെയ്യുന്ന ജോലിയുടെ മഹത്വം ഇവരെ ഇടയ്ക്കൊക്കെ ഓർമിപ്പിക്കുമായിരുന്നു. ദൈവം നൽകിയ ഓരോ ജീവനും വിലപ്പെട്ടതാണെന്ന ചിന്ത പകർന്നു നൽകി.
ഡോ. പാപ്പച്ചനും ഡെയ്സിയും തമ്മിലുള്ള സ്നേഹവും പരസ്പര ബഹുമാനവും വളരെ പ്രശസ്തമാണ്.
ഒന്നിച്ച നാളുകൾ മുതൽ ഓരോ ഉയർച്ചയിലും താഴ്ചയിലും കൈപിടിച്ചു നടന്ന് ഭൂമിയിൽ സ്വർഗം പണിത ദന്പതികളായിരുന്നു ഇവരെന്ന് ആശുപത്രി ജീവനക്കാരും സുഹൃത്തുക്കളും എല്ലാം സാക്ഷ്യപ്പെടുത്തുന്നു. സർക്കാർ സേവനത്തിൽ നിന്നു മാറി സ്വന്തമായി ആതുരാലയം തുടങ്ങാൻ ഡോ. പാപ്പച്ചൻ തീരുമാനിച്ചപ്പോൾ അതിനെ പ്രോത്സാഹിപ്പിച്ച് കൂടെ നിന്നത് ഡെയ്സിയാണ്. അടൂരിൽ ഒരു ചെറിയ കെട്ടിടത്തിൽ ലൈഫ് ലൈൻ ആശുപത്രി ആരംഭിക്കുമ്പോൾ മുതൽ നിറഞ്ഞു നിന്ന സൗമ്യ സാന്നിധ്യം വിട പറയുമ്പോൾ ലൈഫ് ലൈൻ കുടുംബാംഗങ്ങൾ തേങ്ങുകയാണ്.
ഡെയ്സി പാപ്പച്ചന്റെ മൃതദേഹം നാളെ ഒന്പതിന് അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ പൊതുദർശനത്തിനു വയ്ക്കും. 12ന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഞായറാഴ്ച 2.30ന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിലാണ്.