കാഞ്ഞിരപ്പള്ളി: കൂട്ടുകെട്ട് പലരെയും വഴി തെറ്റിച്ചേക്കാം എന്നു പറയുന്നതുപോലെയായി ഡാനിയുടെയും കടായുടെയും കാര്യം. ഡാല്‍മേഷന്‍ ഇനം നായ ഡാനിയും ബീറ്റല്‍ ഇനം മുട്ടനാട് കടായും പട്ടിമറ്റത്തെ യജമാനന്റെ വീട്ടിൽനിന്നും പതിവുപോലെ നടക്കാനിറങ്ങിയതായിരുന്നു. അവസാനം വഴി തെറ്റി ആറേഴു കിലോമീറ്റര്‍ നടന്നു കാഞ്ഞിരപ്പള്ളി ഹൗസിംഗ് കോളനിയിലെത്തി.
ഹൗസിംഗ് കോളനിക്കാര്‍ ഇവർക്ക് തീറ്റ കൊടുക്കുകയും ഫോട്ടോ സഹിതം വാർത്ത പത്രങ്ങളിൽ നൽകുകയും ചെയ്തു. വാര്‍ത്ത കണ്ട ഉടമ ഇന്നലെ രാവിലെതന്നെ എത്തി ഡാനിയെയും കടായെയും ഏറ്റുവാങ്ങുകയായിരുന്നു. യജമാനനൊപ്പം വീട്ടിലേക്ക് മടങ്ങാനായ സന്തോഷത്തില്‍ വാലാട്ടിയും ഉറക്കെ കുരച്ചുമാണ് ഡാനി മടങ്ങിയത്. പട്ടിമറ്റം തൈപ്പറമ്പില്‍ നൗസീദ് സലീമാണ് തന്റെ അരുമകളെ തേടിയെത്തിയത്.
ചൊവ്വാഴ്ച രാവിലെ രണ്ടു പേരെയും പതിവുപോലെ അഴിച്ചുവിട്ടതാണ്. പരിസരങ്ങളിലൂടെയെല്ലാം കറങ്ങി തിരികെ ഒരുമിച്ച് എത്തുകയാണ് പതിവ്. എന്നാല്‍, ചൊവ്വാഴ്ച നായയും ആടും തിരികെ വന്നില്ല. പരിസരങ്ങളിലെല്ലാം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കറിപ്ലാവ് ഭാഗത്തുകൂടി ഇവ കാഞ്ഞിരപ്പള്ളി ഹൗസിംഗ് ബോര്‍ഡ് കോളനിയിലെത്തുകയായിരുന്നു.
ഈ സമയത്തെല്ലാം കടായെ തൊടാന്‍ പോലും ഡാനി ആരെയും അനുവദിച്ചുമില്ല. ഇടയ്ക്കിടെ കുരച്ചും മുറുമ്മിയും ഡാനി പ്രതിരോധം തീര്‍ത്തു. രാത്രി ഇരുവരും ഒരുമിച്ചാണ് കിടന്നത്.നാലു മാസമായ ആടിനെ തമിഴ്നാട്ടില്‍നിന്നും അഞ്ച് വയസുള്ള നായയെ ചെന്നൈയില്‍ നിന്നുമാണ് നൗസീദ് വാങ്ങിയത്.
- ജോജി പേഴത്തുവയലില്‍
യജമാനൻ വരും, വരാതിരിക്കില്ല; നായയും മുട്ടനാടും കാത്തിരിക്കുന്നു; കാഞ്ഞിരപ്പള്ളിയിലെത്തിയ അതിഥികൾക്ക് സംരക്ഷണം നൽകി നാട്ടുകാർ