കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള് കവര്ന്ന കേസിലെ പ്രതി സെബാസ്റ്റ്യന് മറ്റൊരു കൊലക്കേസില്കൂടി പ്രതിയായി. ചേര്ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെ കൊല ചെയ്തതില് സെബാസ്റ്റ്യന്റെ പങ്കും നിര്ണായക തെളിവുകളും ആലപ്പുഴ ക്രൈം ബ്രാഞ്ചിന് ലഭിച്ചു.
വിയ്യൂര് സെന്ട്രല് ജയിലില് കഴിയുന്ന ചേര്ത്തല പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യനെ ഇന്ന് കസ്റ്റഡിയില് വാങ്ങും. കോടികളുടെ ആസ്തിയുണ്ടായിരുന്ന ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും കൂട്ടാളിയും ചേര്ന്നു കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തു എന്നാണ് സൂചന.
വീട്ടുകാരുമായി അകന്നുകഴിഞ്ഞിരുന്ന അവിവാഹിതയായ ബിന്ദു സെബാസ്റ്റ്യനുമായി അടുപ്പത്തിലായിരുന്നു.
ചേര്ത്തലയില് സെബാസ്റ്റ്യന്റെ വീട്ടില് ബിന്ദു സന്ദര്ശകയുമായിരുന്നു. അക്കാലത്ത് സെബാസ്റ്റ്യനുമായി ബ്രോക്കര് പണിയില് അടുപ്പമുണ്ടായിരുന്നവരെയും സ്വത്ത് അപഹരണത്തിന് സഹായിച്ചവരെയും തുടരെ ചോദ്യം ചെയ്തതോടെയാണ് ബിന്ദു കൊല ചെയ്യപ്പെട്ടു എന്നു സ്ഥിരീകരണമായത്. ബിന്ദു കൊലക്കേസില് മറ്റു ചിലര്കൂടി അറസ്റ്റിലാകും.
2006 ലാണ് ചേര്ത്തല സ്വദേശി ബിന്ദു പത്മനാഭനെ കാണാതായത്. പത്ത് വര്ഷങ്ങള്ക്കുശേഷം 2017 ലാണ് ബിന്ദുവിന്റെ സഹോദരന് പത്മനിവാസില് പി. പ്രവീണ്കുമാര് സഹോദരിയെ കാണാനില്ലെന്ന് പരാതി നല്കുന്നത്.പോലീസും ക്രൈംബ്രാഞ്ചും ബിന്ദുവിന്റെ തിരോധാനക്കേസ് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബിന്ദുവിന്റെ സ്ഥലവും ബാങ്ക് നിക്ഷേപവും വ്യാജരേഖകള് ചമച്ച് സെബാസ്റ്റ്യന് കവര്ന്നതായി സ്ഥിരീകരിച്ചിരുന്നു.
ഇതിനു പുറമെ പട്ടണക്കാട്, ചേര്ത്തല, അമ്പലപ്പുഴ, ഇടപ്പള്ളി സബ് രജിസ്ട്രാര് ഓഫീസുകളില് രജിസ്റ്റര് ചെയ്ത കോടിക്കണക്കിനു രൂപ വിലയുള്ള വസ്തുക്കള് പലര്ക്കായി വിറ്റതായും കണ്ടെത്തിയിരുന്നു.ബിന്ദുവിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം വഴിമുട്ടി നില്ക്കുമ്പോഴാണ് കോട്ടയം ഏറ്റുമാനൂര് സ്വദേശി ജെയ്നമ്മയുടെ തിരോധാനക്കേസ് അന്വേഷണം വീണ്ടും സെബാസ്റ്റ്യനിലേക്ക് എത്തുന്നത്.
കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില് ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുപരിസരത്തുനിന്ന് അസ്ഥികൂട അവശിഷ്ടങ്ങള് കണ്ടെത്തി.ഇതോടെ കാണാതായ ജെയ്നമ്മ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച സംഘം സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തു.പിന്നാലെയാണ് സെബാസ്റ്റ്യന് സംശയമുനയിലുള്ള ചേര്ത്തല സ്വദേശികളായ ബിന്ദുവിന്റെയും ഐഷയുടെയും തിരോധാനത്തില് അന്വേഷണം വീണ്ടും സജീവമായത്.
ഐഷയെയും സെബാസ്റ്റ്യന് സമാനമായ രീതിയില് വക വരുത്തിയെന്നാണ് സൂചന. ചേര്ത്തല പോലീസാണ് ഐഷയുടെ തിരോധാനം അന്വേഷിച്ചുവരുന്നത്.2018ല് ബിന്ദു പത്മനാഭന്റെ തിരോധാനം അന്വേഷിച്ച ഘട്ടത്തില് സെബാസ്റ്റ്യന്റെ വിശ്വസ്തനായിരുന്ന പള്ളിപ്പുറം തൈക്കൂട്ടത്തില് മനോജ് ജീവനൊടുക്കിയിരുന്നു. കൊല്ലപ്പെട്ട ബിന്ദു സ്ഥിരമായി വിളിച്ചിരുന്ന ഓട്ടോക്കാരനായിരുന്നു മനോജ്. ബിന്ദുവിന്റെ മരണത്തില് ഇയാള്ക്കും പങ്കുള്ളതായി സംശയിക്കുന്നു.