ആശുപത്രിയിൽനിന്നു വിട്ടുനൽകിയ മൃതദേഹം മാറിപ്പോയതു മരണ വീട്ടിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. മരണമടഞ്ഞ തെക്കൻ പറവൂർ പേയ്ക്കൽ പി.കെ. രവി (71)യുടെ മൃതദേഹമാണു തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽനിന്നു ബന്ധുക്കൾ മാറിക്കൊണ്ടുപോയത്. അസുഖ ബാധിതനായ രവിക്ക് ശനിയാഴ്ച രാത്രിയോടെ രോഗം മൂർച്ഛിക്കുകയായിരുന്നു. ഇയാളെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഞായറാഴ്ച രാവിലെ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് അബദ്ധം സംഭവിച്ചത്.
തുടർച്ചയായി ചികിത്സയിലായിരുന്നതിനാൽ പോസ്റ്റ്മോർട്ടം ഒഴിവാക്കി നൽകിയ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മുതൽ മാറിപ്പോയതായി സംശയമുയർന്നിരുന്നു. ബന്ധുക്കളും അയൽവാസികളുമെല്ലാമെത്തി ആദരാഞ്ജലിയർപ്പിച്ച മൃതദേഹം അന്ത്യകർമങ്ങൾക്കായി കുളിപ്പിക്കാനെടുത്തപ്പോഴാണ് മൃതദേഹം രവിയുടേതല്ല എന്ന സംശയം കലശലായത്.
തുടർന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട ബന്ധുക്കൾ ഉടൻതന്നെ മൃതദേഹവുമായി ആശുപത്രിയിലെത്തി യഥാർഥ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു. പിന്നീട് ഉച്ചകഴിഞ്ഞ് രണ്ടോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഓമന. മക്കൾ: വിജിമോൾ, രജിമോൾ, സുജിമോൾ. മരുമക്കൾ: രാജേഷ്, പ്രദീഷ്, ബിനു ടി. ജോസഫ്.
സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ആശുപത്രി സൂപ്രണ്ട്
മൃതദേഹം മാറിപ്പോയ സംഭവത്തെക്കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചില്ലെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുമ പറഞ്ഞു. മൃതദേഹത്തിന്റെ മുഖവും മറ്റും ബന്ധുക്കളെ കാണിച്ച് ആളെ തിരിച്ചറിഞ്ഞെന്ന് ബോധ്യപ്പെട്ട ശേഷം രജിസ്റ്ററിലും ഒപ്പിടുവിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ മൃതദേഹങ്ങൾ മോർച്ചറിയിൽനിന്നു വിട്ടുനൽകാറുള്ളൂവെന്നും അവർ പറഞ്ഞു.