ഭാര്യയുടെ പ്രസവസമയത്ത് ഭർത്താവിനു ടെൻഷൻ ഉണ്ടാകുന്നത് സ്വാഭാവികം. പലരും പലവിധത്തിലാകും ടെൻഷൻ പ്രകടിപ്പിക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഭാര്യയുടെ പ്രസവസമയത്ത് ഒരു ഭർത്താവ് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായി. ഭാര്യ അനുഭവിക്കുന്ന വേദനകളെക്കുറിച്ചോർത്താണു ലേബർ റൂമിൽ ഈ ഭർത്താവ് പൊട്ടിക്കരഞ്ഞത്.
ഗൈനക്കോളജിസ്റ്റ് ഡോ. ഉമ്മുൽ ഖൈർ ഫാത്തിമയാണു ഹൃദയസ്പർശിയായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഡോക്ടർ യുവാവിനോട് “നിങ്ങൾ നിങ്ങളുടെ ഭാര്യയെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്’ എന്നു ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. “ഞാനവളെ ഒരുപാട് സ്നേഹിക്കുന്നു’ എന്നാണു യുവാവിന്റെ മറുപടി. ഈസമയം, അയാളുടെ സമീപം ഭാര്യയും മറ്റു ബന്ധുക്കളും നിൽക്കുന്നതും കാണാം.
“എല്ലാവർക്കും സ്നേഹനിധിയായ ഒരു ഭർത്താവിനെ കണ്ടെത്താനാവട്ടെ’ എന്ന കാപ്ഷനോടെയാണു ഡോക്ടർ വീഡിയോ പങ്കുവച്ചത്. ലക്ഷക്കണക്കിനു ലൈക്കുകളും കമന്റുകളും വീഡിയോയ്ക്കു ലഭിച്ചു. 1.6 മില്ല്യൺ ഫോളോവർമാരുള്ള ആളാണു ഡോ. ഫാത്തിമ.